ഈ വിജയം നിശ്ചയദാര്‍ഢ്യത്തിന്റേത്; ചോര്‍ന്നൊലിക്കുന്ന കൂരയില്‍നിന്ന് റാങ്കുനേട്ടവുമായി ദിവ്യ
ചോർന്നൊലിക്കുന്ന കൂരയിൽനിന്ന് ആത്മവിശ്വാസവുമായി ദിവ്യ നടന്നുകയറിയത് നീറ്റ് പരീക്ഷയിലെ മികച്ച നേട്ടത്തിലേക്ക്. കാറ്റഗറി വിഭാഗത്തിൽ (പട്ടികവർഗം) മെഡിക്കൽ പ്രവേശനത്തിന് സംസ്ഥാനത്ത് ഒന്നാം റാങ്കാണ് നിലമ്പൂർ ചുങ്കത്തറ കുറുമ്പലങ്ങോട് കണയൻകൈ പട്ടികവർഗ കോളനിയിലെ ദിവ്യ നേടിയത്.
കഷ്ടപ്പാടും പ്രതിസന്ധിയും കൂടെപ്പിറപ്പായിരുന്ന ദിവ്യ നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 778-ാം (കാറ്റഗറി) റാങ്ക് നേടിയാണ് നാടിന്റെകൂടി അഭിമാനമായത്. ആത്മവിശ്വാസം മാത്രം കൈമുതലായാണ് ദിവ്യ തുടങ്ങിയത്.
കൂലിപ്പണിക്കാരിയായ ലീലയുടെയും പരേതനായ ഉണ്ണികൃഷ്ണന്റേയും അഞ്ചുമക്കളിൽ മൂന്നാമത്തെയാളാണ് ദിവ്യ.
കുറുമ്പലങ്ങോട് സർക്കാർ സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് ദിവ്യയുടെ ജീവിതം വഴിത്തിരിയുന്നത്. പഠിക്കാൻ മിടുക്കിയായിരുന്ന ദിവ്യ ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള പ്രവേശനപ്പരീക്ഷയെഴുതി ആറ് മുതൽ പ്ലസ്ടുവരെ വരെ മലപ്പുറം ഊരകത്തെ നവോദയ വിദ്യാലയത്തിലാണ് പഠിച്ചത്. പത്താംക്ലാസിൽ മികച്ച വിജയവും പ്ലസ്ടുവിൽ 91.6 ശതമാനം മാർക്കും നേടി.
പ്ലസ്ടു പഠന സമയത്ത് നീറ്റിന്റെ പരീക്ഷയെഴുതി 14,000 റാങ്ക് നേടിയിരുന്നു. പ്ലസ്ടു കഴിഞ്ഞ് പ്രവേശന പരീക്ഷക്കുള്ള പരിശീലനത്തിന് ചേർന്നതോടെ ദിവ്യ മുഴുവൻ സമയം പഠനത്തിൽ മുഴുകി. ഒടുവിൽ അതിനുള്ള നേട്ടവുമുണ്ടായി.
ശനിയാഴ്ചയാണ് ഇതുസംബന്ധിച്ചുള്ള വിവരം ദിവ്യ അറിയുന്നത്. 720-ൽ 454 മാർക്ക് നേടിയാണ് ദിവ്യ ഈ സ്വപ്നവിജയം കരസ്ഥമാക്കിയത്. ഏഴുമാസം മുൻപാണ് ദിവ്യയുടെ അച്ഛൻ അസുഖബാധിതനായി മരിച്ചത്. അമ്മ ലീല കൂലിപ്പണിക്കുപോയാണ് ദിവ്യയെ പഠിപ്പിച്ചത്. എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി ബിരുദാനന്തരബിരുദംകൂടി നേടണമെന്നാണ് ആഗ്രഹമെന്ന് ദിവ്യ പറയുന്നു