Peruvayal News

Peruvayal News

പ്രസവാവധി: തെറ്റായ വിവരങ്ങൾ നൽകിയവരുടെ ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കും

പ്രസവാവധി: തെറ്റായ വിവരങ്ങൾ നൽകിയവരുടെ ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കും


പത്തനംതിട്ട:തെറ്റായ വിവരങ്ങൾ നൽകി പ്രസവാവധി എടുത്ത സർക്കാർ സ്കൂൾ അധ്യാപകരിൽ നിന്ന് അവധി ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കാൻ ഉത്തരവായി. പ്രസവ തീയതിയും പ്രസവാവധിയും തമ്മിൽ മാസങ്ങളുടെ വ്യത്യാസം ഉള്ളതായി വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ ജില്ലകൾ തോറും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തെറ്റായ വിവരങ്ങൾ നൽകിയ അധ്യാപകരുടെ പട്ടിക ഡിഡിഇമാർ പ്രസിദ്ധീകരിച്ചു. വിരമിച്ച അധ്യാപകർ വരെ പട്ടികയിലുണ്ട്. ആക്ഷേപമുള്ളവർക്ക് വിശദീകരണം നൽകാൻ സമയം നൽകിയിട്ടുണ്ട്. അല്ലാത്തവർ വാങ്ങിയ ആനുകൂല്യം പൂർണമായും തിരിച്ചടയ്ക്കണം.

കേരളത്തിൽ ആയിരക്കണക്കിന് അധ്യാപകർ ഇത്തരത്തിൽ ആനുകൂല്യം കൈപ്പറ്റിയതായാണ് വിവരം. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടായി. പ്രസവാവധിക്കു ശേഷം പ്രസവിച്ചവർ വരെ പട്ടികയിലുണ്ട്. മാർച്ചിൽ പ്രസവ തീയതി ഉള്ളവർ മാർച്ചിലോ ഏപ്രിലിലോ മേയിലോ അവധിയെടുക്കാതെ ജൂൺ മുതൽ അവധി എടുക്കുകയും മധ്യവേനൽ അവധി അടക്കം 5 മുതൽ 8 മാസം വരെ അവധി തരപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തി. കൂടുതൽ കാലം അവധി ലഭിക്കാൻ, തീയതി മാറ്റിയെടുക്കുന്നത് പതിവാണെന്ന പരാതിയിലായിരുന്നു അന്വേഷണം.

1990 മുതലുള്ള പ്രസവാവധികളാണ് പരിശോധിച്ചത്. അവധി അനുവദിച്ച സ്കൂൾ മേധാവിമാർക്കെതിരെയും നടപടി വരും. അധ്യാപകരുടെ തെറ്റായ അപേക്ഷ കൃത്യമായി പരിശോധിക്കാതെ അവധി അനുവദിച്ച ഹെഡ്മാസ്റ്റർമാരുടെ വിവരം ഡിഡിഇമാർ സർക്കാരിനു നൽകി. ശമ്പളം, ഇൻക്രിമെന്റ്, ഹയർ ഗ്രേഡ്, പേ റിവിഷൻ, പ്രമോഷൻ എന്നിവയിൽ അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടച്ചു സർവീസ് പുനഃക്രമീകരിക്കണമെന്നു ബന്ധപ്പെട്ട അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പു നിർദേശം നൽകി.
Don't Miss
© all rights reserved and made with by pkv24live