ഇവിടെയുണ്ട് മാരകരോഗം പതിയിരിക്കുന്ന മരുന്നു മാലിന്യം!
കണ്ണൂര്‍: ഈ ചിത്രത്തില്‍ കാണുന്നതൊരു മാലിന്യക്കൂനയാണ്. വെറും പാഴ്കുപ്പികളല്ലിവ. ഉപേക്ഷിക്കപ്പെട്ട മരുന്നുകള്‍ നിറഞ്ഞ ബയോ-മെഡിക്കല്‍ മാലിന്യമല. എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്ന കാസര്‍കോട് ജില്ലയിലെ ഒരു പ്രദേശത്തെ ജനങ്ങളെ മാറാരോഗികളാക്കാന്‍ ഈ മരുന്നുമാലിന്യം ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നിട്ടും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല.
നീലേശ്വരത്തിന് സമീപം കാഞ്ഞിരപൊയിലിലാണ് 'ബെസ്കോട്ട്' മരുന്ന് നിര്‍മ്മാണ കമ്ബനിയുടെ ഉപയോഗശൂന്യമായ ലക്ഷക്കണക്കിന് മരുന്നുകള്‍ തള്ളിയിരിക്കുന്നത്. ഉയര്‍ന്ന താപനിലയില്‍ പ്രത്യേകം തയ്യാറാക്കിയ സംസ്കരണശാലകളിലാണ് ഇത്തരം ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ നശിപ്പിക്കേണ്ടത്.
എന്നാലിവിടെ, ബെസ്കോട്ട് കമ്ബനിയുടെ ഉടമസ്ഥതയിലുള്ള കാഞ്ഞിരപൊയിലിലെ പത്തേക്കര്‍ സ്ഥലത്തെ തുറസായ ടാങ്കിലാണ് കാലപഴക്കം ചെന്ന മരുന്ന് തള്ളുന്നത്. 10 മീറ്ററോളം നീളവും ആറു മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുള്ള തുറസായ ടാങ്കില്‍ ദ്രാവകാവസ്ഥയിലുള്ള മരുന്നിന്റെ കുപ്പികളടക്കം തള്ളി. ഇതു പലതും പൊട്ടി മരുന്നുകള്‍ പുറത്തായി. മഴവെള്ളം നിറഞ്ഞതോടെ ടാങ്ക് ലീക്കായി ഇവ പുറത്തേക്ക് വരുന്നുണ്ട്. പലവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകളിലെ രാസവസ്തു മണ്ണില്‍ കലര്‍ന്ന് ജനങ്ങളില്‍ മാരക രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആശങ്ക. സാമ്ബത്തിക പ്രതിസന്ധിയെതുടര്‍ന്ന് കമ്ബനി രണ്ടുവര്‍ഷം മുമ്ബ് ഉത്പാദനം നിറുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച ടിപ്പര്‍ ലോറിയില്‍ വീണ്ടും കുപ്പികള്‍ തള്ളാനെത്തിയെങ്കിലും ജനങ്ങള്‍ തടഞ്ഞു.
വാഴകൃഷിയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്കുമുമ്ബ് ഫ്യൂരിഡാന്‍ അടക്കമുള്ള വിഷം ഉപയോഗിച്ചതിന്റെ ഭാഗമായി പഞ്ചായത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുതലാണ്.
മുമ്ബ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പൊട്ടക്കിണറ്റില്‍ മരുന്ന് തള്ളിയിരുന്നു. വന്‍ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് നീക്കി.
- കൃഷ്ണന്‍ പ്രദേശവാസി.
ബെസ്കോട്ട്
1973ലാണ് ആലുവ, തിരുവനന്തപുരം സ്വദേശികള്‍ ബെസ്കോട്ട് കമ്ബനി തുടങ്ങിയത്. പ്രദേശവാസികള്‍ക്ക് തന്നെ തൊഴില്‍ നല്‍കിയതിനാല്‍ ജനങ്ങള്‍ക്കും കമ്ബനിയോട് ആത്മബന്ധമുണ്ടായിരുന്നു. ഗോവയായിരുന്നു പ്രധാന വിപണി. കുത്തക കമ്ബനികളുടെ വരവ് ബെസ്കോട്ടിനെ നഷ്ടത്തിലാക്കി. തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്ബ് ഉത്പാദനം നിറുത്തി.
''ഉയര്‍ന്ന താപനിലയിലാണ് ഇത്തരം ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ നശിപ്പിക്കേണ്ടത്. കഞ്ചിക്കോടും മംഗലാപുരത്തുമൊക്കെ ഇതിനു സൗകര്യമുണ്ട്. മാരക രോഗങ്ങള്‍ക്കും മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതിനും കാരണമായേക്കാം.''