പേഴ്‌സണൽ മാനേജ്‌മെന്റ്, പബ്ലിക് സർവീസ് ഡെലിവറി, പ്രൊസീജ്വൽ ഇന്റർവെൻഷൻ, ഡെവലപ്‌മെന്റൽ ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലായി അഞ്ചുലക്ഷം രൂപയുടെ ഓരോ അവാർഡാണ് നൽകുന്നത്. പബ്ലിക് സർവീസ് ഡെലിവറി വിഭാഗത്തിൽ ദേശീയ ആരോഗ്യമിഷനു കീഴിലെ ഹൃദ്യം പദ്ധതിക്ക് ഒന്നാംസ്ഥാനവും വനിതാ ശിശുവികസന വകുപ്പിനു കീഴിലെ അവർ റെസ്‌പോൺസബിലിറ്റി ടു ചിൽഡ്രൻ പദ്ധതി രണ്ടാം സ്ഥാനവും നേടി. പ്രൊസീജ്വൽ ഇന്റർവെൻഷൻ വിഭാഗത്തിൽ കുറ്റ്യാടി ഇറിഗേഷൻ കനാലിലെ ഭൂവസ്ത്രത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ഡെവലപ്‌മെന്റൽ ഇന്റർവെൻഷനിൽ ചെങ്ങന്നൂരിലെ ബൂധനൂർ ഗ്രാമപഞ്ചായത്തിലെ കുട്ടൻപേരൂർ നദി പുനരുജ്ജീവന പദ്ധതിക്കും കേരള ഭൂവിനിയോഗ ബോർഡ് നടത്തുന്ന ജലസ്രോതസുകളുടെ സംരക്ഷണത്തിനും ഒന്നാംസ്ഥാനം ലഭിച്ചു. കണ്ണൂരിലെ മയ്യിൽ ഗ്രാമപഞ്ചായത്തിലെ സമ്പൂർണ നെൽകൃഷി പദ്ധതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. പേഴ്‌സണൽ മാനേജ്‌മെന്റ് വിഭാഗത്തിൽ ആർക്കും അവാർഡില്ല. അതിനുള്ള തുക മറ്റുവിഭാഗങ്ങളിലെ അധിക രണ്ടാംസ്ഥാനത്തിനു നൽകും. മുൻചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു, ഐ.ടി. സെക്രട്ടറി എം.ശിവശങ്കർ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര സെക്രട്ടറി കെ.ഗോപാലകൃഷ്ണഭട്ട് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. നാല് വിഭാഗങ്ങളിലായി ആകെ 51 എൻട്രികൾ ലഭിച്ചു.