Peruvayal News

Peruvayal News

ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം എസ്സി (ജാം) 2020 ന് അപേക്ഷിക്കാന്‍ ഒക്ടോബര്‍ 8 വരെ അവസരം

ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം എസ്സി (ജാം) 2020 ന് അപേക്ഷിക്കാന്‍ ഒക്ടോബര്‍ 8 വരെ അവസരം


ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം എസ്സി (ജാം) 2020 ന് അപേക്ഷിക്കാന്‍ ഒക്ടോബര്‍ 8 വരെ അവസരം. രാജ്യത്തെ 20 ഐഐടികളില്‍  സയന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റ്, ഗവേഷണതല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഫെബ്രുവരി ഒമ്ബതിന് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തും. കാന്‍പുര്‍ ഐ ഐ ടി ക്കാണ് ഈ വര്‍ഷത്തെ പരീക്ഷാ നടത്തിപ്പിനുള്ള ചുമതല.

കോഴ്സുകള്‍ 
വിവിധ ദ്വിവത്സര എം എസ്സി., ജോയന്റ് എം എസ്സി., പി എച്ച്‌ ഡി ഡ്യുവല്‍ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചിലര്‍ ഡിഗ്രി പ്രോഗ്രാമുകള്‍ എന്നിവയിലെ പ്രവശനത്തിനാണ് ജാം.

സ്ഥാപനങ്ങള്‍ 
ഭിലായ്, ഭൂവനേശ്വര്‍, മുംബെ, ഡല്‍ഹി, ധന്‍ബാദ്, ഗാന്ധിനഗര്‍, ഗുവാഹട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജോധ്പൂര്‍, കാന്‍പൂര്‍, ഖരഗ്പൂര്‍, മദ്രാസ്, മാന്‍ഡി, പാലക്കാട്, പട്ന, റൂര്‍ഖി, റോപ്പാര്‍, തിരുപ്പതി, വാരണസി എന്നീ ഐ ഐ ടി കളിലായാണ് പ്രോഗ്രാമുകള്‍.

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് , അപ്ലൈഡ് ജിയോളജി, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മാറ്റിക്സ്, മാത്തമാറ്റിക്സ് ആന്റ് കംപ്യൂട്ടിങ്ങ്, അസ്ട്രോണമി, അപ്ലൈഡ് മാത്തമാറ്റിക്സ്, ബയോടെക്നോളജി, ഇക്കണോമിക്സ് തുടങ്ങിയ എം എസ്സി പ്രോഗ്രാമുകള്‍, കെമിസ്ട്രി, ജിയോളജി ജിയോ ഫിസിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, അറ്റ്മോസ്ഫിയര്‍ ആന്റ് ഓഷ്യന്‍ സയന്‍സ്, മെഡിക്കല്‍ ഫിസിക്സ്, ന്യൂക്ലിയര്‍ മെഡിസിന്‍, മോളിക്കുലര്‍ മെഡിക്കല്‍ മൈക്രോബയോളജി തുടങ്ങിയ ജോയന്റ് എം എസ് സി പി എച്ച്‌ ഡി മറ്റു ഗവേഷണ അധിഷ്ഠിത പ്രോഗ്രാമുകള്‍ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി ഉണ്ട്. ബംഗ്ലൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ ഐ എസ് സി) ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍ സയന്‍സസിലെ ഇന്റഗ്രേറ്റഡ് പി എച്ച്‌ഡി പ്രോഗ്രാം പ്രവേശനം ജാം അടിസ്ഥാനമാക്കിയാണ്.

യോഗ്യത 
ബിരുദമാണ് യോഗ്യത. ജനറല്‍/ഒ ബി സി /ഇ ഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് . പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം മതി. ഓരോ പ്രോഗ്രാമിലേക്കും വേണ്ട നിശ്ചിത വിദ്യാഭ്യാസ യോഗ്യത അറിയാന്‍ www. jam.iitk.ac.in സന്ദര്‍ശിക്കുക.

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 
ആറു വിഷയങ്ങളിലാണ് പരീക്ഷ. ബയോടെക്നോളജി, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് (രാവിലെ 9.30 മുതല്‍ 12.30 വരെ), കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ് (ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെ) എന്നീ ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് മള്‍ട്ടിപ്പിള്‍ ചോയ്സ് (ഒരു ശരിയുത്തരം മാത്രമുള്ളത്), മള്‍ട്ടിപ്പിള്‍ സെലക്‌ട് (ഒന്നോ കൂടുതലോ ശരിയുത്തരം വരുന്നത്), ന്യൂമെറിക്കല്‍ ആന്‍സര്‍ ടൈപ്പ് (സംഖ്യ ഉത്തരമായുള്ളത്, കണ്ടെത്തേണ്ടത്, ചോയ്സ് ഇല്ല) രീതികളിലെ ചോദ്യങ്ങള്‍ ഉണ്ടാകും. ഒരാള്‍ക്ക് സമയക്രമത്തിന് വിധേയമായി പരമാവധി രണ്ട് പേപ്പറുകള്‍ അഭിമുഖീകരിക്കാം.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍ 
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം.

അപേക്ഷാ ഫീസ് 
വനിതകള്‍ പട്ടിക/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് ഒരു പേപ്പറിന് 750 രൂപയും രണ്ടിന് 1050 രൂപയുമാണ്. മറ്റുള്ളവര്‍ക്ക് യഥാക്രമം 1500 രൂപ/2100 രൂപ ഓണ്‍ലൈനായി എട്ടിന് വൈകീട്ട് 5.30 വരെ നല്‍കാം. ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാം, അതിന് അഭിമുഖീകരിക്കേണ്ട പേപ്പര്‍, അപേക്ഷാര്‍ത്ഥിയുടെ യോഗ്യതാ പരീക്ഷ, വിഷയം ഇവയൊക്കെ പരിഗണിച്ച്‌് പേപ്പര്‍ തെരഞ്ഞെടുക്കണം. അപേക്ഷിച്ചശേഷം, പേപ്പര്‍ മാറ്റാന്‍/കൂട്ടിച്ചേര്‍ക്കാന്‍ ഒക്ടോബര്‍ എട്ടുവരെ സൗകര്യം കിട്ടും. മാറ്റത്തിനനുസരിച്ച്‌ അധിക ഫീസ് അടയ്ക്കണം. ജനുവരി ഏഴു മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാഫലം മാര്‍ച്ച്‌ 20-ന് പ്രതീക്ഷിക്കാം. യോഗ്യത നേടുന്നവര്‍ തുടര്‍ന്ന് പ്രവേശനത്തിന് അപേക്ഷിക്കണം.
Don't Miss
© all rights reserved and made with by pkv24live