Peruvayal News

Peruvayal News

മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സിസ്റ്റര്‍ ലിനിയുടെ വീട് സന്ദര്‍ശിച്ചു

മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സിസ്റ്റര്‍ ലിനിയുടെ വീട് സന്ദര്‍ശിച്ചു


തിരുവനന്തപുരം: നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ നിപ വൈറസ് ബാധിച്ച് ജീവന്‍ ത്യജിക്കേണ്ടി വന്ന സിസ്റ്റര്‍ ലിനിയുടെ കോഴിക്കോട് പേരമ്പ്രയിലുള്ള വീട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ഭര്‍ത്താവ് സജീഷ്, മക്കളായ റിതുല്‍, സിദ്ധാര്‍ത്ഥ്, മറ്റ് ബന്ധുക്കള്‍ എന്നിവരെക്കണ്ട് മന്ത്രി സംസാരിക്കുയും ലിനിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മേയ് 21-ാം തീയതിയാണ് നിപ ബാധിതരെ തുടക്കത്തില്‍ ശുശ്രൂക്ഷിച്ച പേരമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനി രോഗബാധമൂലം മരണമടഞ്ഞത്. ഇത് എല്ലാവരിലും വളരെയധികം വേദനയുണ്ടാക്കി.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും മറ്റുപ്രവര്‍ത്തകരും ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും ലിനി ഒരു മാതൃകയും ആവേശവുമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വളരെ ധീരമായ സമീപനമാണ് മരണത്തിന് മുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ലിനി ധൈര്യം കൈവിട്ടില്ല. കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി നില്‍ക്കുകയാണ്. ലിനിയോടുള്ള വാക്ക് പാലിച്ച് മക്കള്‍ക്ക് ഒരു കുറവും വരാതെ സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് സജീഷ്. ആയൊരോര്‍മ്മയില്‍ അവരുടെ കുടുംബത്തെ നേരില്‍ കാണാനാണ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീട്ടിലെത്തിയത്.
Don't Miss
© all rights reserved and made with by pkv24live