സ്കൂള്‍ കവാടങ്ങളിലും ഇനി ക്യൂ ആര്‍ കോഡ്; അമ്മമാര്‍ക്ക് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴി ഹൈടെക് പരിശീലനം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്താനും, സമഗ്രപോര്‍ട്ടല്‍, പാഠപുസ്തകങ്ങളിലെ ക്യൂ.ആര്‍ കോഡുകള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വീട്ടിലും ഉപയോഗിക്കാന്‍ സാഹചര്യം ഒരുക്കുന്നതിനുമായി രക്ഷിതാക്കളായ വീട്ടമ്മമാര്‍ക്ക് 'ലിറ്റില്‍ കൈറ്റ്സ്' യൂണിറ്റുകള്‍ വഴി പ്രത്യേകം പരിശീലനം നല്‍കുന്നു. സ്കൂളുകളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ രൂപീകരിച്ച 'ലിറ്റില്‍ കൈറ്റ്സ്' ഐടി ക്ലബ്ബുകളുടെ പ്രധാന പ്രവര്‍ത്തന മേഖലകളില്‍പ്പെടുന്നതാണ് മറ്റു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും ആവശ്യമായ പരിശീലനം ഉള്‍പ്പെടെയുള്ള സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുക എന്നത്.
ഇതോടൊപ്പം സ്കൂളുകളുടെ സമഗ്രവിവരങ്ങൾ ക്യൂ.ആർ.കോഡ് രൂപത്തിൽ പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തും. ഓരോ സ്കൂളിന്റെയും സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന സമേതം വെബ്സൈറ്റിന്റെ
( www.sametham.kite.kerala.gov.in) ലിങ്കാണ് ക്യൂ.ആർ.കോഡ് രൂപത്തിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ എല്ലാ സ്കൂളിന്റെയും പ്രധാനകവാടത്തോട് ചേർന്ന് സ്ഥാപിക്കുന്നത്. പ്രസ്തുത കോഡ് സ്കാൻ ചെയ്ത് സമേതം, സ്കൂള്‍ വിവരസഞ്ചയമായ സ്കൂൾവിക്കി
(www.schoolwiki.in) തുടങ്ങിയ വെബ്സൈറ്റുകൾ ആർക്കും പരിശോധിക്കാവുന്നതാണ്.
മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരത്തിലൊരു പരീശീലനം കൈറ്റ് സംഘടിപ്പിക്കുന്നത്. വിടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. പരിശീലനത്തിനായി ആവശ്യം വരുന്ന ആപ്പുകൾ മുൻകൂട്ടി രക്ഷിതാക്കൾക്ക് അയച്ചു കൊടുക്കും. പരിശീലനത്തിനായി രക്ഷിതാക്കൾ സ്‍മാർട്ട് ഫോണുമായാണ് എത്തിച്ചേരേണ്ടത്.
പരിഷ്ക്കരിച്ച ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യൂ.ആർ.കോഡ് സ്കാൻ ചെയ്ത് റിസോഴ്സുകൾ ഉപയോഗിക്കുന്ന വിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്റൂം പഠനരീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠനവിഭവങ്ങൾ ഉപയോഗിക്കുന്ന വിധം, വിക്ടേഴ്സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് പരിശീലനത്തിലെ വിവിധ സെഷനുകളിലായി അമ്മമാരെ പരിചയപ്പെടുത്തുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി 2060 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പദ്ധതിയില്‍ നിലവില്‍ 1.15 ലക്ഷം കുട്ടികള്‍ അംഗങ്ങളാണ്. ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. ലിറ്റിൽകൈറ്റ്സ് പദ്ധതി ഹയർസെക്കണ്ടറിയിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പരിശീലകര്‍ക്കുള്ള പരിശീലനം ഈയാഴ്ച തുടങ്ങി ഒക്ടോബര്‍ ആദ്യവാരം സ്കൂളുകള്‍ കേന്ദ്രീകരിച്ച് അമ്മമാര്‍ക്കുള്ള പരിശീലനം നല്‍കും.