ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് വീണ്ടും നിയമിതനായി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രവി ശാസ്ത്രിയുടെ നിയമനം ചോദ്യം ചെയ്യപ്പെടുകയാണ്.
ക്രിക്കറ്റിലെ ഭിന്നതാത്പര്യ വിഷയം വീണ്ടും ചൂടു പിടിച്ചതോടെയാണ് ശാസ്ത്രിയുടെ നിയമനവും ചോദ്യം ചെയ്യപ്പെടുന്നത്. കപില്‍ദേവ് അധ്യക്ഷനായ മൂന്നംഗ സമിതിയാണ് രവിശാസ്ത്രിയെ പരിശീലകനായി വീണ്ടും നിയമിച്ചത്.
എന്നാല്‍ ഈ സമിതിയിലെ മൂന്നു പേര്‍ക്കും ഭിന്നതാത്പര്യ വിഷയത്തില്‍ ബിസിസിഐ എത്തിക്‌സ് കമ്മിറ്റി നോട്ടീസ് അയച്ചുകഴിഞ്ഞു. കപില്‍ദേവിനെക്കൂടാതെ അന്‍ഷുമാന്‍ ഗേയ്ക്ക്വാദ്, ശാന്താരംഗസ്വാമി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ശാന്താരംഗസ്വാമി ഈ സമിതിയിലെ അംഗത്വവും ഒപ്പം ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനിലെ ഡയറക്ടര്‍ സ്ഥാനവും രാജിവച്ചിരുന്നു.
സമിതിയംഗങ്ങള്‍ ഭിന്നതാത്പര്യ വിഷയത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ ഇവര്‍ നടത്തിയ നിയമനങ്ങളും അസാധുവാകും. ഇതാണ് രവിശാസ്ത്രിക്കും വനിതാ ടീം കോച്ചിനും വിനയാകുന്നത്. അങ്ങനെയെങ്കില്‍ ഇരുവരെയും വീണ്ടും നടപടിക്രമങ്ങള്‍ പാലിച്ച് നിയമിക്കേണ്ടിവരും. സമിതിയംഗത്വത്തിനു പുറമെ ബിസിസിഐയില്‍ മറ്റു സ്ഥാനങ്ങളും ഇവര്‍ വഹിക്കുന്നെണ്ടെന്നായിരുന്നു പരാതി.
സിഎസി അംഗങ്ങള്‍ ഒരു സമയം ഒരു സ്ഥാനം മാത്രമെ വഹിക്കുവാന്‍ പാടുള്ളു എന്ന് ഭരണഘടനയിലുണ്ടെന്നു കാട്ടി മധ്യപ്രദേശ് ക്രിക്കറ്റ് കൗണ്‍സില്‍ അംഗം സഞ്ജിവ് ഗുപ്തയാണ് പരാതി നല്‍കിയത്. ഈ പരാതിയിലാണ് ക്രിക്കറ്റ് എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ ടികെ ജയിന്‍ മൂന്നു പേര്‍ക്കും നോട്ടീസ് അയച്ചത്. ഒക്ടോബര്‍ പത്തിനു മുമ്ബ് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം.