പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകൾക്കും ഓഫീസുകൾക്കും ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി.
സംസ്ഥാനത്തെ സർക്കാർ, എം.പി, എം.എൽ.എ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകൾക്കും ഓഫീസുകൾക്കും ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി. ഐടി ഉപകരണങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്‌പെസിഫിക്കേഷൻ, വില്പനാനന്തര സേവനവ്യവസ്ഥകൾ എന്നിവ നിഷ്‌കർഷിക്കുന്നതാണ് ഉത്തരവ്. ലാപ്‌ടോപ്പ്, പ്രൊജക്ടർ, സ്‌ക്രീൻ, യു.എസ്.ബി സ്പീക്കർ, പ്രൊജക്ടർ മൗണ്ടിംഗ് കിറ്റ്, എൽ.ഇ.ഡി ടെലിവിഷൻ എന്നീ ഇനങ്ങൾ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോർട്ടബിലിറ്റി, പവർബാക്ക്അപ്, വൈദ്യുതി ഉപയോഗം എന്നിവ പരിഗണിച്ച് ലാപ്‌ടോപ്പുകളാണ് സ്‌കൂളുകളിൽ വാങ്ങേണ്ടത്. എല്ലാ ഉപകരണങ്ങൾക്കും അഞ്ചു വർഷ വാറണ്ടി ഉറപ്പാക്കണം. ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള കാൾ സെന്റർ നമ്പർ, വെബ് പോർട്ടൽ അഡ്രസ് എന്നിവ സ്‌കൂളുകൾക്ക് ലഭ്യമാക്കണം. ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ദേശീയ ടെണ്ടർവഴി നടത്തിയ ബൾക് പർച്ചേസിലെ വില വിവരങ്ങൾകൂടി പരിഗണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക സമിതിയുടെ ശുപാർശകൾ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ പുതുക്കിയ ഉത്തരവിറക്കിയത്. ഡിജിറ്റൽ ഉള്ളടക്കം/ ഡിജിറ്റൽ ലൈബ്രറി എന്നിവ സ്‌കൂളുകൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് എസ്.സി.ഇ.ആർ.ടി.യുടെയും കൈറ്റിന്റെയും അംഗീകാരം ലഭിക്കണം. ഈ സർക്കാർ ഉത്തരവനുസരിച്ചല്ലാത്ത പ്രൊപ്പോസലുകൾ ടി.എസ്.പി.കൾ ആയിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളോ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളോ സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്കായി പരിഗണിക്കാൻ പാടില്ല. സർക്കാർ റേറ്റ് കോൺട്രാക്ട് ഏജൻസിയായി നിശ്ചയിച്ചിട്ടുള്ള കെൽട്രോൺ വഴി ഉപകരണങ്ങൾ വാങ്ങാം. ഇതേ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് അനുവദനീയമായ ഉപകരണങ്ങൾ ഐടി വകുപ്പ് വഴി നടപ്പാക്കുന്ന സി.പി.ആർ.സി.എസ് വഴിയും വാങ്ങാവുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലേയും സ്ഥാനപങ്ങളുടേയും ഓൺലൈൻ സ്റ്റോക് രജിസ്റ്റർ കൈറ്റ് തയ്യാറാക്കും സ്‌കൂളുകൾക്കായി പുറപ്പെടുവിച്ചിട്ടുള്ള സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ സ്‌കൂളുകൾ കൃത്യമായി പാലിക്കണം. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്ന തരത്തിലും മറ്റും സ്വകാര്യ സെർവറുകളിൽ ഹോസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്‌കൂൾതലത്തിൽ നടത്താൻ പാടില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതല്ലാത്ത ഇ ഗവേർണൻസ് ആപ്ലിക്കേഷനുകൾ, സവിശേഷ ഐടി പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങേണ്ടതാണ് എന്നും ഉത്തരവിലുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഓരോ വർഷവും പ്രത്യേക ഐടി ഇൻഫ്രാസ്ട്രക്ചർ ഓഡിറ്റ് നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെടുത്തിയതനുസരിച്ചുള്ള ഐടി ഓഡിറ്റ് ഒക്ടോബർ മാസം മുതൽ നടപ്പാക്കുമെന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു. ഉത്തരവ് www.kite.kerala.gov.in, www.education.kerala.gov.in സൈറ്റുകളിൽ ലഭ്യമാണ്.