പി.എസ്.സി പരീക്ഷ നടത്തിപ്പിൽ പുതിയ ഭേദഗതി
തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ചോദ്യപേപ്പർ തട്ടിപ്പിനെതുടർന്ന് പരീക്ഷ നടത്തിപ്പിൽ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി പി.എസ്.സി. ആദ്യപടിയായി പരീക്ഷമുറികളിൽ വാച്ച്, പഴ്സ്, മൊബൈൽ ഫോൺ എന്നിവക്ക് വിലക്ക് ഏർപ്പെടുത്തി. നിലവിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഉദ്യോഗാർഥിയുടെ കൈയിലോ പരീക്ഷഹാളിലുള്ള ഇൻവിജിലേറ്ററുടെ മേശപ്പുറത്തോ ക്ലാസിന് വെളിയിലോ വെക്കാമായിരുന്നു. ഇനിമുതൽ പരീക്ഷ ഹാളിന് പുറത്തുപോലും ഇവ വെക്കാൻ സമ്മതിക്കില്ല. പകരം പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷഹാളിന് ദൂരത്തായി ഒരു ക്ലാസ് റൂം ക്ലോക്ക് റൂമാക്കി മാറ്റും.
കാവലിന് 200 രൂപ നിരക്കിൽ പ്രതിഫലം നൽകി ആളെ നിയമിക്കാവുന്നതാണ്. ഇൻവിജിലേറ്റർമാരും ക്ലാസ് റൂമിൽ മൊബൈൽഫോൺ ഉപയോഗിക്കാൻ പാടില്ല. ചീഫ് സൂപ്രണ്ട്, അഡീഷനൽ ചീഫ് സൂപ്രണ്ട് എന്നിവർ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമേ പരീക്ഷസമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാവൂ. ഇതുസംബന്ധിച്ച കരട് റിപ്പോർട്ട് പി.എസ്.സി തയാറാക്കി. റിപ്പോർട്ട് തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം ചർച്ച ചെയ്യും.
തിരിച്ചറിയൽ രേഖ, അഡ്മിഷൻ ടിക്കറ്റ്, നീല/ കറുത്ത ബാൾപോയൻറ് പേന എന്നിവ മാത്രമേ ഉദ്യോഗാർഥിക്ക് പരീക്ഷ ഹാളിനുള്ളിൽ അനുവദിക്കൂ.
ഈ കാര്യങ്ങൾ അഡീഷനൽ ചീഫ് സൂപ്രണ്ടുമാരായ ഇൻവിജിലേറ്റർമാർ ഉറപ്പാക്കണം. സംശയം തോന്നുന്ന ഉദ്യോഗാർഥികളുടെ ദേഹപരിശോധനയുൾപ്പെടെ പുരുഷ-വനിത ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്താമെന്നും കരട് റിപ്പോർട്ടിലുണ്ട്.
നിലവിൽ പരീക്ഷ നടക്കുന്നതിന് 15 മിനിറ്റിന് മുമ്പ് മാത്രമേ ഉദ്യോഗാർഥികളെ ക്ലാസ് റൂമിൽ പ്രവേശിപ്പിക്കൂ. ഉദ്യോഗാർഥികൾക്കൊപ്പം വരുന്ന രക്ഷാകർത്താക്കളെ സ്കൂൾ കോമ്പൗണ്ടിൽ കടത്തിവിടാൻ പാടില്ല. പരീക്ഷയുടെ ഉത്തരവാദിത്തം പൂർണമായും ചീഫ് സൂപ്രണ്ടിനായിരിക്കും. പകരം ക്ലർക്കിനെ ഏൽപിക്കാൻ പാടില്ല. പരീക്ഷ ഡ്യൂട്ടിക്ക് അധ്യാപകരെതന്നെ ഇൻവിജിലേറ്റർമാരായി നിയമിക്കും. ഇവർ നിർബന്ധമായും തിരിച്ചറിയൽ കാർഡ് ധരിക്കണം.
പരീക്ഷ തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പ് മാത്രമേ ചോദ്യപേപ്പർ കവർ പൊട്ടിക്കാൻ അനുവദിക്കാവൂ. ഇക്കാര്യത്തിൽ ഇളവ് നൽകില്ല. അടുത്തമാസം അഞ്ചുമുതൽ നടക്കുന്ന പരീക്ഷകൾ ഈ മാർഗനിർദേശത്തിെൻറ അടിസ്ഥാനത്തിൽ നടപ്പാക്കാനാണ് കമീഷന്റെ തീരുമാനം.
മറ്റ് നിർദേശങ്ങൾ
🔹പരീക്ഷ ഔദ്യോഗികമായി തുടങ്ങുന്നതിനുള്ള ബെൽ അടിച്ചാൽ ഉടൻ പുറത്ത് സ്ഥാപിച്ച ക്ലാസ് റൂം അലോട്ട്മെൻറ് ലിസ്റ്റ് നീക്കംചെയ്ത് സെൻററിലെ ഗേറ്റ് അടയ്ക്കണം.
🔹എല്ലാ ഇൻവിജിലേറ്റർമാരും തങ്ങളുടെ ക്ലാസ് റൂമിൽ ഹാജരായ ഉദ്യോഗാർഥിയുെട ഒപ്പും തിരിച്ചറിയൽ കാർഡും പരിശോധിച്ച് ഒരാൾ തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഇതിനുശേഷമേ ഒ.എം.ആർ ഷീറ്റ് നൽകാവൂ
🔹പരീക്ഷസമയം കഴിയുംവരെ ഇൻവിജിലേറ്റർമാർ പരീക്ഷ ഹാളിൽ ഉണ്ടാകണം. ഉദ്യോഗാർഥികൾ പരീക്ഷസമയത്ത് നടത്തുന്ന ക്രമക്കേടുകൾക്ക് അസി. സൂപ്രണ്ടുമാരായ ഇൻവിജിലേറ്റർമാരായിരിക്കും ഉത്തരവാദി. പരീക്ഷക്ക് മുമ്പ് ഇതുസംബന്ധിച്ച സത്യപ്രസ്താവന ഇൻവിജിലേറ്റർമാർ പി.എസ്.സിക്ക് ഒപ്പിട്ട് നൽകണം.
🔹ചോദ്യപേപ്പർ നൽകുന്നതിന് മുമ്പ് അൺയൂസ്ഡ് ഒ.എം.ആർ ഷീറ്റ് റദ്ദുചെയ്യണം. ഇവ എണ്ണി തിട്ടപ്പെടുത്തി ചോദ്യപേപ്പർ പാക്കറ്റിൽ വെച്ച് സീൽ ചെയ്യണം.