മരട് ഫ്ളാറ്റ് പൊളിക്കുന്നത് ഒഴിവാക്കാന്‍ നിയമവഴി തേടും; സർക്കാരിന്റെ ശ്രമങ്ങൾക്ക് സർവകക്ഷി പിന്തുണ
മരട് ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് സര്‍വ്വകക്ഷിയോഗം പിന്തുണ അറിയിച്ചു. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നതിന് സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കാനും യോഗത്തില്‍ ധാരണയായി.
ഫ്ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടും കോടതിയുടെ അംഗീകാരത്തോടെയും ആയിരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. മരടിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്.
പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തിനു വേണ്ടി സുപ്രീംകോടതിയിലെ ഉന്നതനായ അഭിഭാഷകന്‍ തന്നെ ഹാജരാകും. നിയമപരമായി ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്.
സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ബാധ്യതയാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. എന്നാല്‍ ഈ കേസില്‍ സവിശേഷമായ ചില പ്രശ്നങ്ങള്‍ കാണാവുന്നതാണ്. നേരത്തെയുള്ള കോടതി വിധികളെല്ലാം ഫ്ളാറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഫ്ളാറ്റ് വാങ്ങി താമസിച്ചുവരുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് പ്രധാന പ്രശ്നം. ഒരു ഭാഗത്ത് ഭവനരഹിതര്‍ക്ക് വീടുവെച്ചു കൊടുക്കുകയും മറുഭാഗത്ത് വാസഗൃഹങ്ങള്‍ പൊളിച്ചുകളയുകയും ചെയ്യുന്ന സമീപനം ഒരു സര്‍ക്കാരിനും സ്വീകരിക്കാനാകില്ല. അനധികൃത നിര്‍മാണം നടത്തിയ ഫ്ളാറ്റുടമകള്‍ രക്ഷപ്പെടുകയും ഫ്ളാറ്റിലെ താമസക്കാര്‍ ഭവനരഹിതരാകുകയും ചെയ്യുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണ്.
ഈ പ്രശ്നത്തിന് പ്രാഥമികമായി ഉത്തരവാദികള്‍ കെട്ടിടനിര്‍മാതക്കളാണ്. നിര്‍മാണത്തിന് അനുമതി കൊടുത്തതാണ് ആദ്യത്തെ തെറ്റ്. നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യം തികച്ചും ശരിയാണ്. അതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. ഈ നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തി തുടര്‍ന്നുള്ള കച്ചവടങ്ങളില്‍ നിന്ന് വിലക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുകയും ഫ്ളാറ്റിലെ താമസക്കാരെ സംരക്ഷിക്കുകയും ചെയ്യണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതി വിധി കണക്കിലെടുത്ത് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുമ്പോള്‍ ഈ മേഖലയില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്താന്‍ ചെന്നൈ ഐ.ഐ.ടി.യെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പൊളിച്ചുനീക്കല്‍ പരിമിതമായ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുക പ്രായോഗികമല്ല എന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. പരിസ്ഥിതിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമീപത്തുള്ള കെട്ടിടങ്ങളെ ഇത് ബാധിക്കും. കനാലുകള്‍, ആള്‍ത്താമസമുള്ള കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍, ചെടികള്‍ എന്നിവയ്ക്ക് ഹാനിയുണ്ടാകും.
വായുമലിനീകരണം ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും ഉണ്ടാകും. മാത്രമല്ല, പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നത് വലിയ ബാധ്യതയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പാരിസ്ഥിതിക ആഘാതം സംബന്ധിച്ച ആശങ്ക സുപ്രീംകോടതിയെ ബോധ്യപ്പെടുത്തേണ്ട കടമ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിനാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ബന്ധപ്പെട്ടത്.
സുപ്രീംകോടതി വിധി നല്‍കുന്ന ചില പാഠങ്ങള്‍ നാം കണക്കിലെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെയുള്ള നിര്‍മാണങ്ങള്‍ക്ക് ഒരു സര്‍ക്കാരിനും പിന്തുണ നല്‍കാനാകില്ല. അതുകൊണ്ടു തന്നെ നിയമലംഘനം തടയുന്നതിനുള്ള ഇടപെടല്‍ തുടക്കത്തിലേ ഉണ്ടാകേണ്ടതുണ്ട്. നിയമത്തെ മറികടന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നത് അരാജകത്വം സൃഷ്ടിക്കുകയേയുള്ളു. ഇത്തരം കാര്യങ്ങളില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ്, കെ.വി. തോമസ് (കോണ്‍ഗ്രസ്), വി.കെ. ഇബ്രാഹിം കുഞ്ഞ്, ഡോ. എം.കെ. മുനീര്‍ (മുസ്ലീം ലീഗ്), എ.എന്‍. രാധാകൃഷ്ണന്‍ (ബി.ജെ.പി), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ് എം), മാത്യു ടി തോമസ് (ജനതാദള്‍ എസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ് (ജനപക്ഷം), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), എ.എ. അസീസ് (ആര്‍.എസ്.പി), അഡ്വ. വര്‍ഗ്ഗീസ് (കോണ്‍ഗ്രസ് എസ്), അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി) സണ്ണി തോമസ് (ലോക് താന്ത്രിക് ജനതാദള്‍), അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ടി.കെ. ജോസ്, പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മാനുഷിക പ്രശ്നമായി കണക്കിലെടുത്ത് മരട് ഫ്ളാറ്റിലെ താമസക്കാരെ സംരക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അനധികൃത നിര്‍മാണം നടത്തിയവരില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. ഇതിന് അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണം. തീരദേശപരിപാലന നിയമത്തില്‍ വന്ന ഭേദഗതികള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കി ഫ്ളാറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രാടപ്പെട്ടു.
താമസക്കാരോട് സഹാനുഭൂതി കാണിക്കുമ്പോള്‍ നിര്‍മാതാക്കളോട് ഒരുവിധ ദാക്ഷിണ്യവും പാടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 400 കുടുംബങ്ങളെ കുടിയിറക്കുക എന്നത് പ്രായോഗികമല്ല. കെട്ടിട നിര്‍മാതാക്കള്‍ ഇപ്പോള്‍ ചിത്രത്തിലില്ല. അവര്‍ക്കെതിരെ സുപ്രീംകോടതി ഒന്നും പറഞ്ഞിട്ടില്ല. തെറ്റു ചെയ്ത ഉദ്യോഗസ്ഥരും രക്ഷപ്പെട്ട് നില്‍ക്കുകയാണ്. നിര്‍മാണത്തിന്‍റെ എല്ലാ ഘട്ടത്തിലും ഹൈക്കോടതി ഫ്ളാറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഫ്ളാറ്റിന് നമ്പര്‍ നല്‍കിയതും വൈദ്യുതി-വെള്ളം കണക്ഷന്‍ നല്‍കിയതും. നിയമലംഘനങ്ങള്‍ക്ക് ഭാവിയില്‍ അംഗീകാരം കിട്ടും എന്ന ധാരണയിലാണ് ഇത്തരം നിര്‍മാണങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.