നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഡിസംബര്‍ ഒമ്ബതുമുതല്‍ 15 വരെ ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ നടത്തും.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍.) നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഡിസംബര്‍ ഒമ്ബതുമുതല്‍ 15 വരെ ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ നടത്തും. കേരളത്തിലെയും മറ്റ് കാര്‍ഷിക സര്‍വകലാശാലകളിലെയും ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കു പരിഗണിക്കപ്പെടാനുള്ള യോഗ്യത ഈ പരീക്ഷ വഴി നിര്‍ണയിക്കപ്പെടുന്നു.
അപേക്ഷാര്‍ഥിക്ക് 2019 ജൂലായ് ഒന്നിന് 21 വയസ്സ് ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.
വിഷയങ്ങള്‍
ബാധകമായ സ്‌പെഷ്യലൈസേഷനില്‍ മാസ്റ്റേഴ്‌സ് ബിരുദം/തത്തുല്യ യോഗ്യത 2019 നവംബര്‍ നാലിനകം നേടിയിരിക്കണം. അഗ്രിക്കള്‍ച്ചര്‍, ബോട്ടണി, സുവോളജി, ലൈഫ് സയന്‍സസ്, വെറ്ററിനറി, ഡെയറി സയന്‍സ്, ഫിഷറീസ് സയന്‍സസ്, ഫോറസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളിലും അനുബന്ധ വിഷയങ്ങളിലുമായി മാസ്റ്റേഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് ഓരോ സ്‌പെഷ്യലൈസേഷനും ബാധകമായ യോഗ്യതയ്ക്കു വിധേയമായി 57 വിഷയങ്ങളിലായി പരീക്ഷ അഭിമുഖീകരിക്കാം. ഒരാള്‍ക്ക് എത്രതവണ വേണമെങ്കിലും നെറ്റ് അഭിമുഖീകരിക്കാം.
പരീക്ഷാരീതി
രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് ഒരു മാര്‍ക്കു വീതമുള്ള ഒബ്ജക്ടീവ് രീതിയിലെ 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍, പരീക്ഷാര്‍ഥി ഓപ്റ്റുചെയ്ത വിഷയമേഖലയില്‍നിന്ന് ഉണ്ടാകും. ഉത്തരം തെറ്റിയാല്‍ മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടമാകും. പരീക്ഷയില്‍ യോഗ്യത നേടാന്‍ വേണ്ട സ്‌കോര്‍: അണ്‍ -റിസര്‍വ്ഡ് -50 ശതമാനം, ഒ.ബി.സി.- 45 ശതമാനം, പട്ടിക/ഭിന്നശേഷി -40 ശതമാനം.
അപേക്ഷ, www.asrb.org.in വഴി ഓണ്‍ലൈനായി നവംബര്‍ നാലിന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം. കേരളത്തില്‍ കൊച്ചി പരീക്ഷാകേന്ദ്രമാണ്.