Peruvayal News

Peruvayal News

മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിലോ മീറ്റര്‍ ദൂരത്ത്; 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മഹ ചുഴലിക്കാറ്റ് കോഴിക്കോട് നിന്ന് 300 കിലോ മീറ്റര്‍ ദൂരത്ത്; 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് മണിക്കൂറിൽ 15 കിലോ മീറ്റർ വേഗതയിൽ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഉച്ചയോടെ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട്. ബാക്കിയെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നേരത്തെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എറണാകുളത്തും തൃശൂരും മലപ്പുറത്തും നാളെ യെല്ലോ അലർട്ടാണ്.

ലക്ഷദ്വീപിലെ അമിനിദിവി ദ്വീപിൽ നിന്ന് തെക്ക് കിഴക്കായി 30 കിലോ മീറ്റർ ദൂരത്തിലും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 300 കിലോ മീറ്റർ ദൂരത്തും വടക്ക് കവരത്തിയിൽ നിന്ന് 60 കിലോ മീറ്റർ ദൂരത്തും കോഴിക്കോട് നിന്ന് പടിഞ്ഞാറ് 300 കിലോ മീറ്റർ ദൂരത്തുമായാണ് മഹ ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.

കാറ്റിന്റെ പരമാവധി വേഗത 61 മുതൽ 90 കിലോ മീറ്റർ വരെയുള്ള ഘട്ടമാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് 'മഹ' ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് (Severe Cyclonic Storm- കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 90 മുതൽ 140 കിലോ മീറ്റർ വരെ) ആയി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ശേഷമുള്ള 24 മണിക്കൂറിൽ മഹ വീണ്ടും ശക്തി വർധിച്ച് അതിശക്തമായ ചുഴലിക്കാറ്റ് (Very Severe Cyclonic Storm) ആയി മാറാനാണ് സാധ്യത. ഇത് അടുത്ത 12 മണിക്കൂറിൽ വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യകിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Don't Miss
© all rights reserved and made with by pkv24live