Peruvayal News

Peruvayal News

അനർഹമായി മുൻഗണനാകാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയവരിൽ നിന്ന് ആഗസ്റ്റ് 31 വരെ 58.96 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി.

അനർഹമായി മുൻഗണനാകാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയവരിൽ നിന്ന് ആഗസ്റ്റ് 31 വരെ 58.96 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി. 



സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് അനർഹരെ കണ്ടെത്തിയത്. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം മുൻഗണന പട്ടികയിൽ കേരളത്തിനുൾപ്പെടുത്താനാവുന്നത് 1,54,80,040 പേരെയാണ്. ഇതു പ്രകാരം തയ്യാറാക്കിയ അന്തിമപട്ടികയിൽ അനർഹർ കടന്നുകൂടിയിരുന്നു. ഇവരെ ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് ലഭ്യമായ ഡാറ്റാ മാപ്പിംഗ് നടത്തി അനർഹരായ കുടുംബങ്ങളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റുന്ന നടപടി തുടരുന്നുണ്ട്. ഇതുവരെ നാല് ലക്ഷത്തോളം കുടുംബങ്ങളെ ഈ രീതിയിൽ ഒഴിവാക്കുകയും ഇത്രയും തന്നെ അർഹരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട് (ഏകദേശം 16.75 ലക്ഷം അംഗങ്ങൾ). മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ എ.എ.വൈ/ പി.എച്ച്.എച്ച് വിഭാഗങ്ങളിൽ തുടർച്ചയായി റേഷൻ വാങ്ങാത്ത 59,038 കുടുംബങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ഈ കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കി പകരം അദാലത്തുകൾ നടത്തി കണ്ടെത്തിയ അർഹരായവരെ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണ്.  ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്നവരിൽ അർഹരുണ്ടെങ്കിൽ ജില്ലാ സപ്ലൈ ഓഫീസർക്ക് അപേക്ഷ നൽകാം. വസ്തുതകൾ മറച്ച് വച്ച് മുൻഗണനാപട്ടികയിൽ കടന്നുകൂടിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live