ഓൺലൈൻ ഗെയിം കളിച്ച് തുലച്ചത് 78 ലക്ഷം; യുവാവ് ജീവനൊടുക്കി
രാജ്കോട്ട്: ഓൺലൈൻ ഗെയിം കളിച്ച് 78 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ് സംഭവം. ക്രുനാൽ മേത്ത (39) എന്നയാളാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ക്രുനാലിന്‍റെ മൃതദേഹം കിണറ്റിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഓൺലൈൻ ഗെയിമിന് അടിമയായിരുന്നെന്ന് തെളിഞ്ഞത്. മൊബൈൽ ഫോണിൽ പോക്കർ ഗെയിം കളിച്ചാണ് ക്രുനാൽ 78 ലക്ഷം നഷ്ടപ്പെടുത്തിയത്.
ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഗെയിം കളിക്കാനായി താൻ 78 ലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടംവാങ്ങിയെന്ന് കുറിപ്പിൽ പറയുന്നു. ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ് ക്രുനാൽ.
ഗെയിം ആപ്പുമായി ക്രുനാലിന്‍റെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിരുന്നു. പണം വിനിമയം ചെയ്തതിന്‍റെ വിവരങ്ങൾ ഇയാളുടെ മരണശേഷം ഇ-മെയിലിൽ സഹോദരന് ലഭിച്ചു. പൊലീസ് സൈബർ സെൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണ്.