ആലപ്പുഴ നിന്നും കോട്ടയത്തേക്ക് ഒന്നര മണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന എസി ബോട്ട് സർവ്വീസിന് ഒരുങ്ങി.
ആറ് നോട്ടിക്കൽ മൈൽ വേഗതയുള്ള ബോട്ടിന് പകരം പന്ത്രണ്ട് നോട്ടിക്കൽ മൈൽ വേഗമുള്ള പ്രത്യേകബോട്ടാണ് സർവീസിനായി ഉപയോഗിക്കുക. ബോട്ട് നിർമ്മാണം പൂർത്തിയായി. ജലഗതാഗതവകുപ്പിന്റെ മേൽനോട്ടത്തിൽ സ്വകാര്യകമ്പനിക്കായിരുന്നു നിർമ്മാണച്ചുമതല. ഉപതെരഞ്ഞെടുപ്പിന് ശേഷം സർവീസ് തുടങ്ങും.
120 സീറ്റുകളാണ് ബോട്ടിലുണ്ടാകുക. ഇതിൽ 40 സീറ്റ് എ.സി.യും 80 സീറ്റ് നോൺ എ.സി.യും ആണ്. എ.സി.-നോൺ എ.സി. ബസുകളിലെ നിരക്കിനെക്കാൾ കുറവായിരിക്കും ടിക്കറ്റ് നിരക്കുകൾ.
രാവിലെ എട്ട് മണിക്ക് കോട്ടയത്ത് നിന്നും സർവീസ് ആരംഭിച്ച് 9.30ന് ആലപ്പുഴയിലെത്തും. വൈകുന്നേരം 5 മണിക്ക് ആലപ്പുഴയിൽ നിന്നും കോട്ടയത്തേക്കും സർവീസ് നടത്തും. ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഇത് പ്രയോജനകരമാകും. ഇതിനിടയിലുള്ള സമയം ആലപ്പുഴ - കുമരകം റൂട്ടിൽ സർവീസ് നടത്തും. വിനോദസഞ്ചാരികൾക്ക് വലിയ സഹായകരമാകും ഈ സർവീസ്.