പ്രവാസിയും കേരളവുമായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കും - മുഖ്യമന്ത്രി
പ്രവാസിയും കേരളവുമായുളള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോര്‍ക്കയുടെ പ്രവാസി ഐഡി കാര്‍ഡ് ഉടമകള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഒമാന്‍ എയര്‍വെയിസില്‍ യാത്രാക്കൂലിയുടെ 7 ശതമാനം ഇളവ് ലഭിക്കും. ഇത് കൂടുതല്‍ വിമാന കമ്പനികളില്‍ നിന്ന് നേടിയെടുക്കുവാന്‍ ശ്രമിക്കും. ദുബായ് ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിശേഷാവസരങ്ങള്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്ത് ആ ഘട്ടങ്ങളില്‍ കൂടുതള്‍ വിമാനങ്ങള്‍ ആ സെക്റ്ററില്‍ അനുവദിക്കാമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി കഴിഞ്ഞ ദിവസം ഉറപ്പു നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി തന്നെ വിമാനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിച്ച് ബുക്കു ചെയ്യാന്‍ അവസരം തരുമെന്നാണ് ഉറപ്പ് ലഭിച്ചത്.
പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേരള സര്‍ക്കാര്‍ ആവിഷികരിച്ചിട്ടുള്ളത്. അതിവിദഗ്ധരായ മലയാളികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ വിജ്ഞാനം നാടിന് ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ലോക കേരള സഭ രൂപം കൊണ്ടത്. അതിന്‍റെ സബ് കമ്മിറ്റി നിര്‍ദേശമായാണ് സംസ്ഥാന വികസനത്തിനുതകുന്ന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഒരു കമ്പനി രൂപീകരിക്കുകയും അതില്‍ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുകയുമെന്നത്. ഇതിന്‍റെ ഭാഗമായാണ് ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന നിക്ഷേപ സമാഹരണ കമ്പനി രൂപീകരിച്ചത്.
സുരക്ഷിതമായ സമ്പാദ്യം പ്രവാസികള്‍ക്ക് ഉറപ്പുവരുത്താനും നാടിന്‍റെ വികസനത്തിനും കേരള പ്രവാസി ചിട്ടി വഴി സാധിച്ചിട്ടുണ്ട്. നോര്‍ക്ക റൂട്ട്സിന്‍റെ കീഴില്‍ ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്‍റര്‍, തിരികെ വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി, നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാസ ജീവിതം കഴിഞ്ഞ് തിരുച്ചുവരുമ്പോള്‍ ശാരീരിക-സാമ്പത്തിക വിഷമം അനുഭവിക്കുന്നരുടെ അവശത മുന്‍നിര്‍ത്തി അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സാന്ത്വനം പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 കോടി രൂപ വിതരണം ചെയ്തു. ഈ വര്‍ഷം 1718 ഗുണഭോക്താക്കള്‍ക്ക് പത്തു കോടിയിലേറെയും വിതരണം ചെയ്തു.
റിക്രൂട്ട്മെന്‍റ് നിയമപരവും സുതാര്യവും സുരക്ഷിതവുമാക്കുന്നതിന് നോര്‍ക്ക് റൂട്ട്സ് ആസ്ഥാനത്ത് ഒരു റിക്രൂട്ട്മെന്‍റ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരമുള്ള റിക്രൂട്ട്മെന്‍റ് ഏജന്‍സിയാണ് നോര്‍ക്ക് റൂട്ട്സ്.
തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി അംഗീകൃത തൊഴിലാളിയാക്കുന്ന സംവിധാനം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിലൂടെ പരിശീലനത്തിന്‍റെ ഭാഗമായ ജോലിയിലേക്ക് പോകാനുള്ള അവസരം ലഭിക്കും. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നോര്‍ക്ക റൂട്ട്സ് മേഖലാ ഓഫീസുകളില്‍ സൗകര്യമൊരുക്കി. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അധികാരപ്പെടുത്തിയ കേരളത്തിലെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്.
കേരള സര്‍ക്കാരുമായി ബന്ധപ്പെടാനുള്ള പ്രയാസം ലഘൂകരിക്കാനാണ് പ്രവാസി ഐ.ഡി. കാര്‍ഡ് വിതരണം ചെയ്യുന്നത്. മള്‍ട്ടിപര്‍പ്പസ് ഫോട്ടോ ഐഡി കാര്‍ഡുള്ള ഏതു പ്രവാസി മലയാളിക്കും നോര്‍ക്ക റൂട്ട്സ് വഴി ആവശ്യമായ സേവനം എളുപ്പം ലഭ്യമാകും. നാലു ലക്ഷം പേര്‍ ഇതുവരെ ഓണ്‍ലൈനായി ഐഡി കാര്‍ഡ് കൈപ്പറ്റി. പേഴ്സണല്‍ ആക്സിഡന്‍റ് കവറേജായി രണ്ടു ലക്ഷം രൂപ ഓരോ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും. പ്രവാസ ജീവിതത്തിനിടെ നിയമ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്ക് മലയാളി അഭിഭാഷകരുടെ സഹായം ഉറപ്പുവരുത്താന്‍ നടപടിയെടുത്തിട്ടുണ്ട്.
എംബസികളില്‍ മലയാളികളായ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരുമായി നടത്തുന്നുണ്ട്. ഫെബ്രുവരി 15 മുതല്‍ ഗ്ലോബല്‍ കോണ്ടാക്റ്റ് സെന്‍റര്‍ ആരംഭിച്ചു. പ്രവാസികള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, പരാതികള്‍ എന്നിവ പറയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ടോള്‍ ഫ്രീ സംവിധാനം ഉപയോഗപ്പെടുത്താം. ഫോണ്‍, ഇ-മെയില്‍, എസ്.എം.എസ്, ലൈവ് ചാറ്റ് മുഖേനയും സെന്‍ററില്‍ ബന്ധപ്പെടാം.
പ്രവാസി സഹോദരിമാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വനിതാ എന്‍.ആര്‍.ഐ. സെല്‍ നോര്‍ക്കാ റൂട്ട്സില്‍ ആരംഭിച്ചു. സാങ്കേതികവിദ്യാ മാറ്റത്തിനനുസരിച്ച് ശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കാനുള്ള പരിശീലന പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഡിസംബറില്‍ കൊച്ചിയില്‍ ഇന്‍റര്‍നാഷണല്‍ എംപ്ലോയര്‍ കോണ്‍ഫറന്‍സ് നടത്തും.
അസുഖബാധിതരെയും മരണമടഞ്ഞവരെയും വീടുകളില്‍ എത്തിക്കാന്‍ ഐ.എം.എയുമായി ചേര്‍ന്ന് ആരംഭിച്ച ആംബുലന്‍സ് സര്‍വ്വീസ് ഒട്ടേറെ പേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചത് പ്രവാസികളോടുള്ള കരുതലിന്‍റെ ഭാഗമാണ്.
പ്രവാസികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത. ഏതു പ്രശ്നത്തിലും ഏതു സമയവും സര്‍ക്കാരിനെ ബന്ധപ്പെടാന്‍ അറച്ചു നില്‍ക്കേണ്ടതില്ല. അതിന് ആവശ്യമായ നടപടികള്‍ ഉറപ്പു നല്‍കുകയാണന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ലോകകേരള സഭാംഗം ആര്‍.പി. മുരളി, എന്‍.കെ. കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.