വിദ്യാലയങ്ങളിലെ ആഘോഷങ്ങളില്‍ കളര്‍ പൊടി വിതറുന്നതിന് വിലക്ക്.
യാത്രയയപ്പുകള്‍, വര്‍ഷാവസാന പിരിഞ്ഞുപോക്ക് തുടങ്ങിയ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ പരസ്പരം കളര്‍പൊടികള്‍ എറിഞ്ഞും ശരീരത്തില്‍ പൂശിയുമുള്ള ആഘോഷം വ്യാപകമാകുന്നതിനെതിരേയാണ് പൊതുവിദ്യാഭ്യാസവകുപ്പ് രംഗത്തെത്തിയത്.
കുങ്കുമംപോലുള്ള വര്‍ണപ്പൊടികള്‍ ആഘോഷങ്ങള്‍ക്കിടയില്‍ പരസ്പരം വാരിയെറിയുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു വരികയാണ്. എസ്.എസ്.എല്‍.സി., പ്ലസ് ടു വിദ്യാര്‍ഥികള്‍ പരീക്ഷകഴിഞ്ഞ് വിടപറയുമ്ബോള്‍ ഒഴിച്ചുകൂടാനാവാത്ത ആഘോഷമായും ഇതുമാറിക്കൊണ്ടിരിക്കുന്നു. രാസപദാര്‍ത്ഥങ്ങളുപയോഗിച്ചുണ്ടാക്കുന്ന ഇത്തരം പൊടികള്‍ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.
ശരീരഭാഗങ്ങളില്‍ അലര്‍ജിക്കും കണ്ണിലും മൂക്കിലുമെല്ലാം കയറിയുള്ള പ്രയാസങ്ങള്‍ക്കും വസ്ത്രങ്ങള്‍ നാശമാകുന്നതിനും ഇത് കാരണമാകാറുണ്ട്. സ്‌കൂളുകളില്‍ നിന്ന് ഇത് പൊതുസ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ജനങ്ങളുടെ ആക്ഷേപങ്ങള്‍ക്ക് കാരണമാകുകയും ചിലയിടത്ത് സംഘര്‍ഷത്തിനുവരെ വഴിവെക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനെല്ലാം തടയിടാനായാണ് പൊടിവിതറിയുള്ള ആഘോഷം കര്‍ശനമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും എ.ഇ.ഓമാര്‍ക്കും സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും സര്‍ക്കുലര്‍ അയച്ചത്. ഇത്തരം സംഭവങ്ങളാവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.