ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി; കര്‍ശന പരിശോധന, രണ്ടുപേര്‍ കസ്റ്റഡിയിൽ
ചാവേർ ആക്രമണ ഭീഷണിയെ തുടർന്ന് രണ്ടു പേർ ഡൽഹിയിൽ പോലീസ് കസ്റ്റഡിയിൽ. മൂന്ന് ജയ്ഷെ ഭീകരർ ഡഹിയിലെത്തിയതായുള്ള സൂചനയെ തുടർന്ന് ഡൽഹിയിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തുകയാണ്. രഹസ്യാന്വേഷണ വിഭാഗം തന്ത്രപ്രധാന ഇടങ്ങളിൽ കാറ്റഗറി-എ വിഭാഗത്തിൽപ്പെട്ട ജാഗ്രതാ നിർദേശം നൽകി.
എട്ട്-പത്ത് പേരടങ്ങുന്ന ജെയ്ഷെ മുഹമ്മദ് സംഘം ചേവേർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന സൂചനയാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്നത്. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഡൽഹി പോലീസിന്റ സ്പെഷൽ സെൽ ആണ് പരിശോധന നടത്തുന്നത്. പഹാഡ്ഗഞ്ച്, ജാമിയനഗർ എന്നീ റെയിൽവേ സ്റ്റേഷനുകൾ അടക്കം എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.
സംശയാസ്പദമായി കണ്ട രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. ജമ്മു കശ്മീർ, പഞ്ചാബ്, അമൃത്സർ, പത്താൻകോട്ട് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അതീവജാഗ്രതാ നിർദേശമാണുള്ളത്.
കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നുള്ള സാഹചര്യത്തിൽ ഇന്ത്യയിൽ ആക്രമണം നടത്താൻ ഭീകരർ തയ്യാറാകുന്നതായുള്ള സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.