Peruvayal News

Peruvayal News

പി.എസ്.സി. പരീക്ഷയ്ക്കും ബയോമെട്രിക് സംവിധാനം വരുന്നു

പി.എസ്.സി. പരീക്ഷയ്ക്കും ബയോമെട്രിക് സംവിധാനം വരുന്നു




പരീക്ഷാ പരിഷ്കരണം കൂടുതൽ കർശനമാക്കാനുള്ള നടപടികൾ പി.എസ്.സി. പ്രഖ്യാപിച്ചു. പരീക്ഷയെഴുതുന്നവരുടെ തിരിച്ചറിയലിന് ബയോമെട്രിക് സംവിധാനം ഉപയോഗിക്കും. ഉദ്യോഗാർഥികളുടെ ആധാറുമായി ബന്ധിപ്പിച്ചായിരിക്കും ബയോമെട്രിക് വിവരങ്ങൾ ലഭ്യമാക്കുന്നത്. അതിനായി ആധാറുള്ളവർ ഒറ്റത്തവണ പ്രൊഫൈലിൽ അത് ഉൾപ്പെടുത്തണം. പി.എസ്.സി. യോഗത്തിൽ നടന്ന വിശദമായ ചർച്ചകൾക്കുശേഷമാണ് പരീക്ഷാർഥികളെ തിരിച്ചറിയാൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

എന്നാൽ പരിഷ്കാരം നടപ്പാക്കാൻ കാലതാമസമെടുക്കും. പരീക്ഷാഹാളുകളിൽ ഉപയോഗിക്കാൻ ആവശ്യമായ ബയോമെട്രിക് യന്ത്രം ലഭ്യമാക്കണം. അതിന് കെൽട്രോണിന്റെ സഹായം തേടിയിട്ടുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെല്ലാം പ്രൊഫൈലിൽ ആധാർ ചേർക്കണം. ആധാറില്ലാത്തവർക്ക് തിരിച്ചറിയലിന് പകരം സംവിധാനം ഒരുക്കണം. ഭാവിയിൽ ആധാറുണ്ടെങ്കിലേ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താനാകൂ എന്ന രീതിയിലേക്ക് നടപടികൾ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

പരീക്ഷകളിലെ ക്രമക്കേടും തട്ടിപ്പും തടയാനാണ് ഇത് ലക്ഷ്യമിട്ടതെങ്കിലും തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലും ഇത് ഉപയോഗിക്കാൻ ധാരണയായിട്ടുണ്ട്. ഒറ്റത്തവണ പരിശോധന, അഭിമുഖം, നിയമനശുപാർശ, സർവീസ് വെരിഫിക്കേഷൻ തുടങ്ങിയ സമയങ്ങളിലും വ്യക്തിഗതവിവരങ്ങൾ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കും.

വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയശേഷം പരീക്ഷയിൽ പങ്കെടുക്കുകയും പിന്നീട് വിട്ടുനിൽക്കുകയും ചെയ്യുന്നവർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കാനും പി.എസ്.സി. യോഗം തീരുമാനിച്ചു. വ്യാജ വിദ്യാഭ്യാസയോഗ്യതയും തൊഴിൽപരിചയവും കാണിച്ച് ആയിരക്കണക്കിന് പേരാണ് പി.എസ്.സി. പരീക്ഷ എഴുതുന്നത്. ഓരോ തസ്തികയിലേക്കും ലക്ഷക്കണക്കിന് പേർ അപേക്ഷിക്കുമെന്നതിനാൽ വ്യാജന്മാരെ കണ്ടെത്താൻ പി.എസ്. സിക്ക് കഴിയാറില്ല. ഇവർക്കായി പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കുകയും ചോദ്യക്കടലാസ് അച്ചടിക്കുകയും ചെയ്യുന്നത് ലക്ഷക്കണക്കിന് രൂപയുടെ പാഴ്ച്ചെലവുണ്ടാക്കുന്നു. അത് തടയുകയെന്ന ലക്ഷ്യത്തിലാണ് വ്യാജവിവരങ്ങൾ നൽകുന്നവർക്കെതിരേ നടപടിയെടുക്കാൻ തീരുമാനിച്ചത്.

പരീക്ഷാഹാളിൽ ഇനിമുതൽ ഉദ്യോഗാർഥികളുടെ ഒപ്പ് ഇൻവിജിലേറ്റർമാർ പരിശോധിക്കും. ഉദ്യോഗാർഥി പ്രൊഫൈലിൽ അപ്ലോഡ് ചെയ്തിട്ടുള്ള ഒപ്പിന്റെ മാതൃക ഇൻവിജിലേറ്റർമാർക്ക് നൽകും. പുതുക്കിയ പരിഷ്കാരങ്ങളുടെ കൂട്ടത്തിലായിരിക്കും ഇതും നടപ്പാക്കുന്നത്.
Don't Miss
© all rights reserved and made with by pkv24live