ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസ്സുകാരി മരിച്ചു, അമ്മയുടെ മര്‍ദ്ദനമേറ്റിരുന്നുവെന്ന് ഡോക്ടർമാർ
പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസ്സുകാരി മരിച്ചു. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. കുട്ടിക്ക് അമ്മയുടെ മർദ്ദനമേറ്റിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഭക്ഷണം കഴിക്കാത്തതിനാണ് അമ്മ കുഞ്ഞിനെ തല്ലിയത്. ഇതേ തുടർന്ന് അമ്മ രമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദീപു-രമ്യ ദമ്പതികളുടെ മകളാണ് ദിയ. കുട്ടിക്ക് പനിയായിരുന്നു. ഇന്ന് രാവിലെ പനി കലശലായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടേക്ക് പോകുംവഴിയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ട്. മാത്രമല്ല കുഞ്ഞിന് ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ട്.