ആവേശത്തേരിലേറി പെരുവയൽ കേരളോത്സവം
പെരുവയൽ ഗ്രാമ പഞ്ചായത്തിൽ ഇത്തവണത്തെ കേരളോത്സവo വർദ്ധിച്ച യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുന്നു. മത്സരങ്ങൾ രാത്രിയിലേക്ക് മാറ്റിയതും പങ്കെടുക്കുന്ന ക്ലബുൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നതിനുള്ള തീരുമാനവും ഫലം കണ്ടിരിക്കയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മത്സരാർത്ഥികളുടെ എണ്ണം അഞ്ചിരട്ടിയോളം വർദ്ധിച്ചിട്ടുണ്ടെന്ന് സംഘാടകർ അവകാശപ്പെടുന്നു. പെരുവയൽ സെന്റ് സേവ്യേഴ്സ്സ് സ്കൂൾ ഗ്രൗണ്ടിൽ ലൈറ്റ് സജ്ജീകരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന മത്സരം രാത്രി 1 മണി വരെ നീളും. കായിക മാമാങ്കം വീക്ഷിക്കുന്നതിന് വൻ ജനമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഫുട്ബോൾ ,കബഡി ,വടംവലി ,ബാഡ്മിന്റൺ ,ചെസ്സ് എന്നീ ഗെയിoസ് ഇനങ്ങൾ പൂർത്തിയായി. ഇന്ന് (വെള്ളി) രാത്രി അത്ലറ്റിക്സ് ,കാർഷിക മത്സരങ്ങൾ നടക്കും. നാല് ദിവസം നീണ്ടു നിന്ന ഫുട്ബോൾ മത്സരത്തിന്റെ ആവേശം വാനോളമുയർന്ന ഫൈനലിൽ യംഗ്സ്റ്റർ പെരുവയലിനെ പരാജയപ്പെടുത്തി അഭിലാഷ് പുവ്വാട്ടുപറമ്പ് ജേതാക്കളായി. കബഡിയിൽ പി.ജി.എം. സോക്കർ ലവേഴ്സ് പെരിങ്ങൊളവും വടംവലിയിൽ മാസ്ക്ക് മഞ്ഞൊടിയും ജേതാക്കളായി.
യുവജനക്ഷേമ ബോർഡും തദ്ദേശ സ്ഥാപനങ്ങളുo ചേർന്ന് നടത്തുന്ന കേരളോത്സവം ചടങ്ങുകളായി മാറുന്ന കാഴ്ചയാണ് പലയിടത്തുമുള്ളത്. എന്നാൽ എല്ലാ യുവജന ക്ലബ്ബുകളെയും ഉണർത്തിക്കൊണ്ട് ഗ്രാമീണ ഉത്സവമായി പെരുവയലിലെ കേരളോത്സവം മാറിയിരിക്കയാണ്. കലാ-കായിക പ്രതിഭകൾക്ക് മികച്ച അവസരവും പ്രോത്സാഹനവുമേകുന്നതിന് വിപുലമായ മുന്നൊര്യക്കത്തോടെയാണ് ഇത്തവണ മേള സംഘടിപ്പിച്ചതെന്നും മിക്ക ക്ലബ്ബുകളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത പറഞ്ഞു.
യുവജന ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നതിന് പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കേരളോത്സവത്തിലെ കായിക മത്സരങ്ങളിൽ പങ്കെടുത്ത ക്ലബുകൾക്ക് മാത്രമാണ് ഇതിന് അർഹതയുണ്ടാവുക. ഇവ വൈകാതെ വിതരണം ചെയ്യും.