പോക്കറ്റിലുണ്ടായിരുന്നത് മൂന്നുരൂപ മാത്രം; 40000 കളഞ്ഞുകിട്ടിയിട്ടും അയാള്‍ ചോദിച്ചത് ഏഴുരൂപ മാത്രം.
പണം മനുഷ്യനെ പ്രലോഭിപ്പിക്കുന്നതാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. പക്ഷേ, പൂണെയിലെ ധനജി ജഗ്ദാലെ എന്ന 54-കാരൻ ആ പ്രലോഭനത്തിലൊന്നും വീണില്ല. പോക്കറ്റിൽ വെറും മൂന്നുരൂപ മാത്രമുള്ളപ്പോൾ പതിനായിരങ്ങൾ വഴിയിൽ നിന്ന് കിട്ടിയിട്ടും പണത്തിന്റെ യഥാർഥ അവകാശിയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുകയായിരുന്നു ധനജി. സംഭവം വാർത്തയായപ്പോൾ മഹാരാഷ്ട്രയിലാകെ താരമായിരിക്കുകയാണ് ഈ 54-കാരൻ.
കൂലിപ്പണിക്കാരനായ ധനജിക്ക് ദീപാവലി ദിവസമാണ് 40000 രൂപ കണ്ടുകിട്ടിയത്. അന്നേദിവസം ദഹിവാഡിയിൽ ജോലിക്ക് പോയിരുന്ന ധനജി തിരികെ നാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ബസ് സ്റ്റോപ്പിലെത്തിയ അദ്ദേഹം നിലത്തുകിടക്കുന്ന നോട്ടുകെട്ടുകൾ കണ്ടു. ഉടൻതന്നെ അത് എടുത്ത ധനജി സമീപത്തുണ്ടായിരുന്നവരോടെല്ലാം ഇത് നിങ്ങളുടെ പണമാണോ എന്ന് ചോദിച്ചെങ്കിലും യഥാർഥ ഉടമയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് കുറച്ചകലെയായി ഒരാൾ റോഡിൽ എന്തോ തിരയുന്നത് ധനജിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കാര്യംതിരക്കിയ ധനജിക്ക് തന്റെ കൈയിലുള്ള പണം അയാളുടേതാണെന്ന് മനസിലാവുകയും മുഴുവൻ തുകയും ഏൽപ്പിക്കുകയുമായിരുന്നു.
ഭാര്യയുടെ ശസ്ത്രക്രിയയ്ക്കായി കരുതിയിരുന്ന പണമാണ് ആ യാത്രക്കാരനിൽനിന്ന് കളഞ്ഞുപോയിരുന്നത്. പണം തിരികെ കിട്ടിയ സന്തോഷത്തിൽ ആയിരം രൂപ പാരിതോഷികമായി അയാൾ സമ്മാനിച്ചെങ്കിലും ധനജി സ്വീകരിച്ചില്ല. പകരം നാട്ടിലേക്കുള്ള ബസ് ചാർജിനാവശ്യമായ ഏഴ് രൂപ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സത്താറയിലെ പിങ്കളി ഗ്രാമത്തിൽ താമസിക്കുന്ന ധനജിക്ക് പത്തുരൂപയാണ് ബസ് ചാർജായി ആവശ്യമുണ്ടായിരുന്നത്. സംഭവസമയം തന്റെ കൈവശം വെറും മൂന്നുരൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതിനാലാണ് ഏഴുരൂപ ആവശ്യപ്പെട്ടതെന്നും ധനജി പറഞ്ഞു.
ധനജിയുടെ സത്യസന്ധത വാർത്തയായതോടെ അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. സത്താറയിലെ ബിജെപി എംഎൽഎ ശിവേന്ദ്രരാജ ബോസ്ലെ, മുൻ എം.പി. ഉദയൻരാജെ ബോസ്ലെ തുടങ്ങിയവരും ഒട്ടേറെ സംഘടനകളും അദ്ദേഹത്തെ അനുമോദിച്ചു. എന്നാൽ ഇവരാരും നൽകിയ പാരിതോഷികം സ്വീകരിക്കാൻ ധനജി തയ്യാറായില്ല. കൊറഗോൺ സ്വദേശിയും അമേരിക്കയിൽ താമസക്കാരനുമായ രാഹുൽ ബാർഗെ എന്നയാൾ അഞ്ചുലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തെങ്കിലും അതും ധനജി സ്നേഹപൂർവം നിരസിച്ചു.
ആരുടെയെങ്കിലും പണം എടുത്താൽ ഒരിക്കലും സംതൃപ്തിയോടെ ജീവിക്കാനാവില്ല എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും ഈ സന്ദേശം പ്രചരിപ്പിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നുമായിരുന്നു ധനജിയുടെ പ്രതികരണം.