വാഹനങ്ങളുടെ പുതുക്കിയ പിഴത്തുക ഇന്നു മുതൽ
കൊച്ചി: പുതുക്കിയ പിഴത്തുകയുമായി വാഹന പരിശോധനകൾക്ക് ഇന്നു മുതൽ ഉദ്യോഗസ്ഥർ റോഡിലിറങ്ങും. ഉപതെരഞ്ഞെടുപ്പുമൂലവും പുതുക്കിയ പിഴ സംബന്ധിച്ചു സർക്കാരിൽനിന്നു വ്യക്തമായ നിർദേശം ഉണ്ടാകാതിരുന്നതിനാലും കഴിഞ്ഞ നാലു മാസത്തോളം വാഹന പരിശോധനകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.
സർക്കാർ ഖജനാവിലേക്കു കിട്ടേണ്ട കോടികളാണ് ഈ കാലയളവിൽ നഷ്ടമായത്. പുതുക്കിയ പിഴയാണ് ഇന്നു മുതൽ ഈടാക്കുക. നേരത്തെ നിശ്ചയിച്ചിരുന്ന കൂട്ടിയ പിഴകളിൽ പല ഇളവുകളും വരുത്തിയാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.
കൂടുതൽ പിഴ ചുമത്തിയിട്ടുള്ളതു മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്കും 18 വയസിനു താഴെയുള്ളവർക്കുമാണ്. ഇക്കൂട്ടർ പതിനായിരം രൂപ പിഴ അടയ്ക്കണം. പ്രത്യേക ശിക്ഷ പറയാത്ത നിയമലംഘനങ്ങൾക്ക് 250 രൂപയാണ് പിഴ. ഇന്നു മുതൽ വാഹന പരിശോധനയിൽ ഈടാക്കുന്ന പിഴത്തുകകൾ താഴെ പറയും പ്രകാരമാണ്. ഹെൽമെറ്റ് വയ്ക്കാത്തതിനും സീറ്റ് ബെൽറ്റ് ഇടാത്തതിനും 500 രൂപ. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ, കുറ്റം ആവർത്തിച്ചാൽ 5000 രൂപ, നിർദേശം പാലിക്കാതിരിക്കുകയോ തെറ്റായ വിവരമോ രേഖകളോ നൽകുകയോ ചെയ്താൽ 1000 രൂപ. ചെറുവാഹനങ്ങൾക്ക് അമിത വേഗത്തിന് 1500 രൂപ, മറ്റു വാഹനങ്ങൾക്ക് 3000 രൂപ, മത്സര ഓട്ടത്തിന് 5000 രൂപ, റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം, ശബ്ദം, വായു മലിനീകരണം എന്നിവയ്ക്ക് 2,000 രൂപ, ലൈസൻസ് ഇല്ലാത്ത കണ്ടക്ടർ 1000 രൂപ, പെർമിറ്റില്ലാതെ ഡ്രൈവിംഗ് 3000 രൂപ, കുറ്റം ആവർത്തിച്ചാൽ 7500 രൂപ, അമിതഭാരം കയറ്റൽ പരിധിക്കു മുകളിൽ ടണ്ണിന് 1,500 രൂപ വീതം പരമാവധി 10,000 രൂപ, അമിതഭാരവുമായി നിർത്താതെ പോയാൽ 20,000 രൂപ, അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ ഓരോ അധിക യാത്രക്കാരനും 100 രൂപ വീതം, ആംബുലൻസ്, ഫയർഫോഴ്സ് വാഹനങ്ങൾക്ക് വഴികൊടുക്കാതിരുന്നാൽ 5,000 രൂപ . ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 1,000 രൂപ, ആ വർത്തിച്ചാൽ 2,000 രൂപ.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരെ ബാച്ചുകളായാണു വാഹന പരിശോധനയ്ക്കായി നിരത്തിലിറങ്ങുക.