വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി
വാളയാറിൽ സഹോദരങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീൽ നൽകാൻ നിലവിൽ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
പാലക്കാട് പോക്സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ട്. ഈ വിധി റദ്ദാക്കിയാലെ ഒരു പുനരന്വേഷണത്തിന് സാധിക്കുവെന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേ സമയം കേസിൽ സർക്കാരിന് വേണമെങ്കിൽ അപ്പീലിന് പോകാമല്ലോയെന്നും കോടതി ചോദിച്ചു. ഇതിന് നിയമസാധുതയുണ്ടെന്നും കോടതി പറഞ്ഞു. അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.