Peruvayal News

Peruvayal News

ശമ്പളക്കമ്മിഷൻ ചോദ്യാവലി തയ്യാർ. മാർച്ചിൽ ചർച്ചകൾ തുടങ്ങും

ശമ്പളക്കമ്മിഷൻ ചോദ്യാവലി തയ്യാർ. മാർച്ചിൽ ചർച്ചകൾ തുടങ്ങും


തിരുവനന്തപുരം: പത്താം ശമ്പളക്കമ്മിഷന്റെ ചോദ്യാവലി തയ്യാറായി. മാർച്ച് 15 വരെ ചോദ്യങ്ങൾക്ക് ഉത്തരവും നിവേദനങ്ങളും നൽകാം. അതുകഴിഞ്ഞാലുടൻ ജീവനക്കാരുടെ സംഘടനകളുമായി ചർച്ചകൾ തുടങ്ങുമെന്ന് ശമ്പളക്കമ്മിഷൻ അധ്യക്ഷൻ കെ. മോഹൻദാസ് പറഞ്ഞു.
ജീവനക്കാരുടെ എണ്ണം, സംസ്ഥാനവരുമാനത്തിൽ ശമ്പളം, പെൻഷൻ ചെലവുകളുടെ വിഹിതം എന്നിവ വ്യക്തമാക്കുന്ന പശ്ചാത്തല വിവരണവും ചോദ്യാവലിയോടൊപ്പം ഉണ്ട്. സംസ്ഥാനത്തെ ആകെ ജീവനക്കാരുടെ എണ്ണം 5,15,639 ആണ്. ഇതിൽ 3,77,065 പേർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്. 1,38,574 പേർ എയ്ഡഡ് സ്കൂൾ, കോളേജുകളിലെ സർക്കാർശമ്പളം പറ്റുന്ന അധ്യാപകരും മറ്റു ജീവനക്കാരുമാണ്.
2018-’19-ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ വായ്പയൊഴിച്ചുള്ള വരുമാനത്തിന്റെ (റവന്യൂ വരുമാനം) 54.41 ശതമാനവും ശമ്പളത്തിനും പെൻഷനുമായി ചെലവിടുന്നു. ശമ്പളത്തിന് 33.94 ശതമാനവും പെൻഷന് 20.47 ശതമാനവുമാണു വേണ്ടത്. സർക്കാരിന്റെ വിവിധ വായ്പകളുടെ പലിശ നൽകാൻ 18.04 ശതമാനം വേണം. റവന്യൂ വരുമാനത്തിന്റെ 72.45 ശതമാനവും ഈ മൂന്നിനങ്ങൾക്കാണു ചെലവിടുന്നത്. ശമ്പളത്തിനും പെൻഷനും ചെലവാക്കുന്ന തുക സംസ്ഥാനവരുമാനത്തിന്റെ എത്ര ശതമാനംവരെ ആകാമെന്നാണ് ഒരു ചോദ്യം.
2018 ജൂലായ് ഒന്നിലെ കണക്കനുസരിച്ച് സംസ്ഥാനസർക്കാർ ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ മാസശമ്പളം 19,800 രൂപയാണ്. 2019 ജൂലായ് വരെ പ്രഖ്യാപിച്ച രണ്ട് ഗഡു ക്ഷാമബത്തകൂടി അനുവദിച്ചാൽ ഇത് 21,120 രൂപയാവും. കേന്ദ്രസർക്കാരിൽ ഇതിന് ആനുപാതികമായ വേതനം 21,060 രൂപയാണ്.
നിലവിൽ ഏറ്റവും കൂടിയ വേതനമായ 1,44,000 ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുമ്പോൾ 1,53,000 രൂപയാവും. സംസ്ഥാനസർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ വേതനം സംബന്ധിച്ചുള്ള കാഴ്ചപ്പാട് എന്താണെന്നാണ് മറ്റൊരു ചോദ്യം. ചോദ്യങ്ങളുടെ ഉള്ളടക്കമോ രചനാശൈലിയോ ശമ്പളക്കമ്മിഷന്റെ വീക്ഷണമായി കണക്കാക്കരുതെന്ന് പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.


അഞ്ചുഭാഗം, 67 ചോദ്യങ്ങൾ


ശമ്പളത്തിന്റെയും ബത്തകളുടെയും ഘടന, സ്ഥാനക്കയറ്റവും ബന്ധപ്പെട്ട വിഷയങ്ങളും പെൻഷൻ, സിവിൽ സർവീസിന്റെ കാര്യക്ഷമതയും സാമൂഹിക പ്രതിബദ്ധതയും ജീവനക്കാരികൾ നേരിടുന്ന ലിംഗാധിഷ്ഠിത പ്രശ്നങ്ങൾ എന്നിവയാണ് ഈ വിഭാഗങ്ങൾ. സിവിൽ സർവീസ് സ്ത്രീസൗഹൃദമാക്കാനുള്ള വിപുലമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനസൗഹൃദമാക്കാനുള്ള നിർദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്.
ആകെ 67 ചോദ്യങ്ങളുണ്ട്. 250 വാക്കിൽ കവിയാതെ അഭിപ്രായം അറിയിക്കാം. ജനങ്ങളിൽനിന്നും അഭിപ്രായം സ്വീകരിക്കും. ചോദ്യാവലി കമ്മിഷന്റെ വെബ്‌സൈറ്റായ prc.keral.gov.in-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫ. എം.കെ. സുകുമാരൻനായർ, അഡ്വ. അശോക് മാമൻ ചെറിയാൻ എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങൾ.


Don't Miss
© all rights reserved and made with by pkv24live