മൂന്നു പുതിയ ലോക കപ്പ് സ്റ്റേഡിയങ്ങൾ ഈ വർഷം തുറക്കും
(14/02/2020)
ദോഹ: മൂന്ന് പുതിയ സ്റ്റേഡിയങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറാകുമെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ സവാദി പറഞ്ഞു.
"രണ്ട് സ്റ്റേഡിയങ്ങള്‍ തുറന്നു - ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയവും അല്‍ ജനൂബ് സ്റ്റേഡിയവും. മൂന്ന് സ്റ്റേഡിയങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. അല്‍ റയ്യാന്‍, അല്‍ ബയ്ത്, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവയാണവ," എജുക്കേഷന്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് അല്‍ സവാദി പറഞ്ഞു.
80,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈല്‍ സ്റ്റേഡിയം അടുത്ത വര്‍ഷം തയ്യാറാകും. റാസ് അബൂ അബൂദ്, അല്‍ തുമാമ എന്നിവയാണ് ബാക്കി വരുന്ന രണ്ട് സ്റ്റേഡിയങ്ങള്‍. ഇവയുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും.
ഫിഫ ക്ലബ് വേള്‍ഡ് കപ്പ് വീണ്ടും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. "കഴിഞ്ഞ വര്‍ഷം നടത്തിയ ക്ലബ് വേള്‍ഡ് കപ്പ് വന്‍ വിജയമായിരുന്നു. ലോക കപ്പിന് നമ്മള്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ ഇതുവഴി സാധിക്കും," അല്‍ സവാദി പറഞ്ഞു.