പാചകവാതക വില കുത്തനെ കൂട്ടി
ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ വർധിപ്പിച്ചു. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. 850 രൂപ 50 പൈസയാണ് പുതിയ വില. ഡൽഹി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് പാചകവാതകത്തിന്റെ വില കുത്തനെ വർധിപ്പിച്ചത്. സബ്സിഡി കിട്ടുന്ന ഉപഭോക്താക്കൾക്ക് വില ബാങ്ക് അക്കൗണ്ടിൽ തിരികെ ലഭിക്കുമെന്ന് എണ്ണ കമ്പനികൾ വിശദീകരിച്ചു.
എല്ലാ ഒന്നാം തിയതിയും വിലയിൽ മാറ്റം വരാറുണ്ടെങ്കിലും ഫെബ്രുവരി ഒന്നിന് മാറ്റമുണ്ടായിരുന്നില്ല. ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്ന് എണ്ണ കമ്പനികൾക്ക് മേലുള്ള സമ്മർദ്ദമാണ് വില വർധന നീട്ടിവെച്ചതെന്നാണ് സൂചന.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വർധിപ്പിച്ചിരുന്നു.