പുതിയതും പഴയതും കണക്കാക്കാം: ഐടി വകുപ്പ് ആദായനികുതി കാല്‍ക്കുലേറ്റര്‍ പുറത്തിറക്കി
പുതിയ ആദായ നികുതി ഘടന ബജറ്റിൽ പ്രഖ്യാപിച്ചതിനെതുടർന്ന് നിരവധി ഓൺലൈൻ സൈറ്റുകളാണ് നികുതി കാൽക്കുലേറ്റർ അവതരിപ്പിച്ചത്.
അതിൽ പലതും സങ്കീർണവും തെറ്റുകൾ നിറഞ്ഞതുമായിരുന്നു. എന്നാൽ അതെല്ലാം പരിഹരിച്ച് ആദായനികുതി വകുപ്പുതന്നെ ആദായനികുതി കാൽക്കുലേറ്റർ പുറത്തിറക്കി.
ഇൻകംടാക്സ് ഇ ഫയലിങ് സൈറ്റിലാണ് പുതിയ നികുതി കാൽക്കുലേറ്ററുള്ളത്. അതിൽ പഴയ നികുതി ഘടന തുടരുന്നവർക്കും പുതിയത് സ്വീകരിക്കുന്നവർക്കും എത്രയാണ് നികുതി ബാധ്യതവരികയെന്ന് വ്യക്തമായി കണക്കുകൂട്ടാൻ കഴിയും.60വയസ്സിനുതാഴെ, 60-79 വയസ്സ്, 79 വയസ്സിനുമുകളിൽ എന്നിങ്ങനെ തിരിച്ച് മൂന്നു വിഭാഗക്കാർക്കും നികുതി കണക്കാക്കാൻ സൗകര്യമുണ്ട്. നികുതി ഇളവുകളും കിഴിവുകളും ഉൾപ്പെടുത്തിയും അതല്ലാതെ പുതിയ നികുതി ഘടനയിൽ ഇവയൊന്നുമുൾപ്പെടുത്താതെയും നികുതി കണക്കാക്കാൻ കഴിയും.