ഹൈന്ദവത സംഘ്പരിവാറിന്റെ സ്വകാര്യകാര്യമല്ല: ബാബു എം പറശ്ശേരി
പെരുമണ്ണ: ഹൈന്ദവത സംഘ്പരിവാറിന്റെ സ്വകാര്യകാര്യമല്ല എന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും രാജ്യത്തിന്റെ മതേതരത്വത്തെ സ്നേഹിക്കുന്നവരും അതിന് വേണ്ടി നിലകൊള്ളുന്നവരാണ്. രാഷ്ട്രീയലാഭത്തിന് വേണ്ടി ഹിന്ദുത്വത്തെ ദുരുപയോഗം ചെയ്യുന്ന വിലകുറഞ്ഞ ഏർപ്പാട് സംഘ്പരിവാർ അവസാനിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വം ഔദാര്യമല്ല എന്ന പ്രമേയത്തിൽ കുന്ദമംഗലം സോൺ എസ് വൈ എസ് സംഘടിപ്പിച്ച സമരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇബ്‌റാഹീം സഖാഫി താത്തൂർ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് അംഗം മുഹമ്മദലി കിനാലൂർ മുഖ്യ പ്രഭാഷണം നടത്തി.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് അബിജേഷ് കെ, ഡി സി സി സെക്രട്ടറി ദിനേശ് പെരുമണ്ണ പ്രസംഗിച്ചു. കെ ടി ഇസ്മായിൽ സഖാഫി . സയ്യിദ് ഫളിൽ ഹാഷിം തങ്ങൾ. . സയ്യിദ് ജാബിർ തങ്ങൾ . സയ്യിദ് അലവി ജീലാനി . ശംസുദ്ധീൻ പെരുവയൽ , നവാസ് കുതിരാടം, ബഷീർ വെള്ളായിക്കോട്, അബ്ദുറഹ്മാൻ മാസ്റ്റർ സംബന്ധിച്ചു.
സമരസദസ്സിനോടനുബന്ധിച്ചു പ്രതിഷേധപ്രകടനം, പ്രതിജ്ഞ, സമരപ്പാട്ട്, കവിത എന്നിവയും സംഘടിപ്പിച്ചു.