കട അടച്ച് അധികൃതർ മുങ്ങി;
ചത്തൊടുങ്ങിയത് മുന്നോറോളം കോഴികൾ
കട അടച്ച് അധികൃതർ മുങ്ങിയതിനെ തുടർന്ന് കൂട്ടത്തോടെ കോഴികൾ ചത്തൊടുങ്ങി. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ വെള്ളിപറമ്പ് സി.പി.ആർ ചിക്കൺ സ്റ്റാളിലാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ മുന്നൂറോളം കോഴികൾ ചത്തൊടുങ്ങിയത്. നാട്ടുകാരും പഞ്ചായത്ത് അധികൃതരും നിരവധി തവണ ബന്ധപ്പെട്ടിട്ടും അധികൃതർ എത്താത്തതിനെ തുടർന്ന് പഞ്ചായത്ത് നേതൃത്വത്തിൽ പൂട്ട് പൊളിച്ച് കടയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കോഴികൾ ചത്തൊടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഈ മാസം ഒമ്പതിനാണ് പക്ഷിപ്പനിയെ തുടർന്ന് ഗ്രാമപഞ്ചായത്തിലെ കടകൾ അടപ്പിച്ചത്. മറ്റു കടകളിൽ കച്ചവടം നിർത്തിയെങ്കിലും കോഴികളെ സംരക്ഷിച്ചുവരുന്നുണ്ട്. എന്നാൽ സി.പി.ആർ ചിക്കൺ സ്റ്റാളിൽ നിന്നും കട അടച്ച ദിവസം തന്നെ തൊഴിലാളികളും അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരും പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ടപ്പോൾ വെള്ളിയാഴ്ച ഉടമ തന്നെ ചത്ത കോഴികളെ നീക്കം ചെയ്തിരുന്നു. അവശേഷിക്കുന്നവയെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിയതുമാണ്. എന്നാൽ ഇന്നലെ വീണ്ടും ദുർഗന്ധം അസഹ്യമായതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഉടമയെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതേ തുടർന്നാണ് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷറഫുദ്ദീന്, ഹെൽ ത്ത് ഇന്സ്പെക്ടർ വി.സമീർ ,വാർഡ് മെമ്പർ സൈറാബി.സി.പി എന്നിവരുടെ നേതൃത്വത്തിൽ കട തുറന്ന് പരിശോധിച്ചത്. ഭക്ഷണവും വെള്ളവും ലഭിക്കാത്ത സാഹചര്യത്തിൽ കൂട്ടത്തോടെ കോഴികൾ ചത്ത് കിടക്കുന്ന കാഴ്ചയായിരുന്നു. പെട്ടിക്കുള്ളിലായിരുന്നു കോഴികളിൽ ഏറെയും. അമ്പതിൽ താഴെ കോഴികൾ മാത്രമാണ് ജീവനോടെ ഉണ്ടായിരുന്നത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കാണുന്നില്ലെന്നും എന്നാൽ മറ്റു രോഗലക്ഷങ്ങൾ കാണുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. പരിശോധന ഫലത്തിന് ശേഷം മാത്രമെ അന്തിമ തീരുമാനത്തിലെത്താൻ സാധിക്കുകയുള്ളു എന്നും അവർ വ്യക്തമാക്കി. ഇതിനിടെ സ്ഥലത്തെത്തിയ കടയുമായി ബന്ധപ്പെട്ടവർ പഞ്ചായത്ത് നിർദ്ദേശത്തെ തുടർന്ന് ചത്ത കോഴികളെ കൂട്ടത്തോടെ കുഴിച്ച് മൂടി.
കടയുടെ ലൈസൻസ് റദ്ദാക്കിയതായും പൊതുജനാരോഗ്യ ഭീഷണി വരുത്തിയതിന് ഉടമക്കെതിരെ മറ്റു നടപടികൾ സ്വീകരിക്കുമെന്നും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷറഫുദ്ദീൻ വ്യക്തമാക്കി. വാർഡ് മെമ്പർമാരായ പ്രസീത് കുമാർ, മഹിജകുമാരി, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജയലക്ഷ്മി തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.