പെരുവയലിൽ തെരുവിൽ കഴിയുന്നവരെ അഭയകേന്ദ്രത്തിലേക്ക് മാറ്റി
കോവിഡ് ജാഗ്രതയുടെ ഭാഗമായി പെരുവയൽ ഗ്രാമ പഞ്ചായത്തിൽ തെരുവിൽ അലഞ്ഞു നടക്കുന്ന 2 പേരെ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചു.
പതിറ്റാണ്ടുകളായി പെരുവയൽ പ്രദേശത്ത് പുറമ്പോക്കിലും കടകളുടെ വരാന്തകളിലും അന്തിയുറങ്ങുന്ന കമല ( 85) യെ വെള്ളിമാട് കുന്ന് ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി. ഹോട്ടലിൽ നന്നും ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. കടകൾ അടച്ചിട്ടതോടെ പട്ടിണിയിലായ ഇവരെ ആരോഗ്യ സുരക്ഷ പരിഗണിച്ച് കൂടിയാണ് മാറ്റിയത്. തെരുവിൽ അലയുന്ന മാനസിക രോഗിയായ മറ്റൊരു വ്യക്തിയെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് ബന്ധു ഭവനത്തിലേക്ക് മാറ്റി. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുബിത തോട്ടാഞ്ചേരി, മെഡിക്കൽ ഓഫീസർ ഡോ. കെ.എം. മനോജ് , ഐ.സി. ഡി. എസ് സുപ്പർവൈസർ റോസ് മേരി ഡിക്കോസ്റ്റ, അനീഷ് പാലാട്ട്
എന്നിവരുടെ നേതൃത്വത്തിലാണ് ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റിയത്. ഇത്തരത്തിലുള്ള മുഴുവൻ പേരെയും കണ്ടെത്തുന്നതിന് നിശാ പരിശോധന നടത്തുമെന്ന് പ്രസിഡണ്ട് വൈ.വി.ശാന്ത പറഞ്ഞു.. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷറഫുദ്ദീൻ , മെമ്പർ എ.എം. ആഷിഖ് , ഹെൽത്ത് ഇൻസ്പെക്ടർ വി.സെമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തി. കരാറുകാരുമായി ബന്ധപ്പെട്ട് ഭക്ഷണം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 211 ആയി.