ലോക്ക് ഡൗണിൽ കരവിരുതിന്റെ കൗതുകം തീർത്തു പൂക്കൊളത്തൂർ സ്കൂൾ അദ്ധ്യാപകൻ ശിഹാബ് മാസ്റ്റർ ശ്രദ്ധനേടുന്നു
പൂക്കൊളത്തൂർ :കോറോണയുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ നിശ്ചലമായപ്പോൾ വിരസ ദിനങ്ങളെ സാർത്ഥകവും സരസവുമായ അനുഭവങ്ങളാക്കി മാറ്റുകയാണ് തന്റെ സ്വത സിദ്ധമായ ക്രിയാത്മകത കൊണ്ട് പൂക്കൊളത്തൂർ ഹയർ സെക്കൻഡറിയിലെ ഈ അറബിക് ഭാഷ അദ്ധ്യാപകൻ. പാഴ് വസ്തുക്കളിൽ നിന്നും വിസ്മയകരമായ നിത്യോപയോഗ വസ്തുക്കൾ ശില്പ ചാരുത ഒട്ടും ചോർന്നു പോകാതെ നിർമിച്ചെടുക്കുകയാണ് ഈ പ്രകൃതി സ്നേഹികൂടിയായ പരതകാട്ടുകാരൻ. കാഴ്ചക്കാരിൽ അത്ഭുതം ജനിപ്പിക്കുന്ന തരത്തിൽ ചിരട്ടയും പ്ലാസ്റ്റിക്കും മരവും ഉപയോഗിച്ചാണ് മാഷിന്റെ ഈ കരവിരുത്. ആക്രി കടയിൽ തൂക്കി വിൽക്കാൻ ഊഴം കാത്തു കിടക്കുന്ന പ്ലാസ്റ്റിക്കിന് മരത്തിന്റെ സംരക്ഷണമേകുമ്പോൾ ആണ് അതൊരു കൗതുകവും ഏറെ ഉപകാരമുള്ള വസ്തുവായും പുനർജനിക്കുന്നത്.
ചിരട്ടയിൽ മരമുറപ്പിച്ച് നിർമിച്ച വീട്ടുപകരണങ്ങളും മറ്റും കാഴ്ച കൊണ്ടും ഉപയോഗം കൊണ്ടും വേറിട്ട അനുഭവം തന്നെ. തന്റെ കോളേജ് പഠന കാലത് പഠനത്തോടൊപ്പം താല്പ്യര്യമെടുത്ത് അഭ്യസിച്ച വാസ്തു ശില്പകല വീണ്ടും പുറത്തെടുക്കാനായ സന്തോഷമാണ് മാഷിനിപ്പോൾ. കൂട്ടിന് 3 മക്കളും ചേരുമ്പോൾ ഇതൊരു ഹരമായി മാറി. നാട്ടിലെ സാമൂഹിക പൊതുവിഷയങ്ങളിൽ ഇടപെടുന്നതിൽ തല്പരനായ ശിഹാബ് മാഷ് സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും എന്ന പോലെ നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനാണ്, നല്ലൊരു മാപ്പിളകലാസ്നേഹിയായ അദ്ദേഹം നിരവധി തവണ അറബന ,വട്ടപ്പാട്ട് ,ഒപ്പന എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികളെ സംസ്ഥാന തലത്തിൽ മത്സരത്തിനെത്തിക്കുകയും സമ്മാനാർഹരാക്കുകയും ചെയ്തിട്ടുണ്ട്. പ്രകൃതിക്കിണങ്ങിയ തന്റെ കരകൗശല, നിത്യോപയോഗ വസ്തുക്കൾ വീട്ടിലെത്തുന്ന അതിഥികൾക്ക് പലപ്പോഴും സമ്മാനിക്കാറാണ് പതിവ്. ശിഹാബുദ്ധീൻ എടക്കാട് എന്ന പേരിൽ അറിയപ്പെടുന്ന മാഷിന്റെ അപൂർവ വൈഭവത്തിൽ പിറന്ന വസ്തുക്കൾ നേരിൽ ചെന്ന് കാണാൻ ലോക്ക് ഡൌൺ തീരും വരെ കാത്തിരിക്കുകയാണ് സഹപ്രവർത്തകരും വിദ്യാർത്ഥികളും ....