ബഹുമാനപ്പെട്ട ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സമക്ഷത്തിലേക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും ഒളവണ്ണ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ എ.ഷിയാലി എഴുതുന്ന തുറന്ന കത്ത്
മാഡം,
ലോകമെങ്ങും കോവിഡ് 19 വൈറസ് വ്യാപിക്കുന്ന സമയത്ത് നമ്മുടെ രാജ്യത്തും ലോക് ഡൗൺ പ്രഖ്യാപിച്ച് ഇതിനെതിരെ പോരാടുകയാണല്ലോ. ഈ സമയത്ത് അതത് തലങ്ങളിലെ ഭരണാധികാരികൾ ജനങ്ങൾക്ക് ശരിയായ രീതിയിൽ സഹായമെത്തിക്കാൻ ശ്രമിക്കുമ്പോൾ താങ്കളുടെ നേതൃത്വത്തിലുള്ള ഭരണസമിതി വിവേചനപൂർവ്വം രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അങ്ങേയറ്റം ഖേദകരമാണ്. ഭരണ സമിതിയിലെ അംഗങ്ങളെ പോലും വിശ്വസത്തിൽ എടുക്കാതെ, സ്വന്തം പാർട്ടിക്കാർക്ക് വേണ്ടി മാത്രമായി നിലകൊള്ളുന്നത് ജനാതിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട, എല്ലാ വാർഡ് മെമ്പർമാർക്കും തുല്യതയുള്ള പഞ്ചായത്ത് രാജ് സംവിധാനത്തിൽ അധികാരത്തിൽ വന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് ഭൂഷണമല്ല.
ഓരോ വാർഡിൽ നിന്നും 10 പേരിൽ നിന്ന് കോവിഡ് 19- ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനുള്ള വളണ്ടിയർഷിപ്പിന് അപേക്ഷ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ മുഖേന സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവരെയും അവരുടെ കുടുംബത്തെയും ലോക്ക് ഡൗൺ കാരണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്നവരെയും സഹായിക്കുന്നതിനു വേണ്ടി വളണ്ടിയർമാരിൽ നിന്നും ഫോട്ടോയടക്കം വിവരങ്ങൾ പഞ്ചായത്തിൽ വാങ്ങി വെച്ചിട്ടും, മറ്റു പാർട്ടിക്കാർക്ക് പാസ്സ് അനുവദിക്കാതെ സ്വന്തം പാർട്ടിയിൽപ്പെട്ടവർക്ക് മാത്രം പാസ്സ് അനുവദിക്കുന്ന രീതിയാണ് താങ്കളുടെ ഭാഗത്ത് നിന്നുണ്ടായത്.
താങ്കളുടെ വാർഡിൽ പോലും ഒന്നിലധികം വളണ്ടിയർമാരെ നിയമിച്ചപ്പോൾ പൂർണ്ണമായും താങ്കൾ പ്രതിനിധീകരിക്കുന്ന പാർട്ടിക്കാരെ മാത്രം ഉൾപ്പെടുത്തി മറ്റുള്ളവരെ അകറ്റി നിർത്തുകയാണ് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എസ്.എൻ. ആനന്ദൻ ജില്ല കളക്ടർക്ക് പരാതി സമർപ്പിച്ചപ്പോൾ മാത്രമാണ് രണ്ട് UDF മെമ്പർമാരെ മോണിറ്ററിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. UDF മെമ്പർമാർ പ്രതിനിധികരിക്കുന്ന15,19 വാർഡുകളിൽ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ധിക്കാരപരമായി വളണ്ടിയർമാരെ ഇതിനകം നിയമിച്ചിരുന്നു. ഇത് വിവാദമായപ്പോൾ മാത്രമാണ് മോണിറ്ററിങ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങളോട് ചർച്ച ചെയ്യാൻ പഞ്ചായത്ത് തയ്യാറായത്.
കമ്യൂണിറ്റി കിച്ചൺ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് മോണിറ്ററിംങ് കമ്മിറ്റി ഉണ്ടാക്കിയതെങ്കിൽ സംഘടയുടെ പ്രതിനിധിയും ക്ലബിന്റെ പ്രതിനിധിയും ആയി ആരെയൊക്കെയാണ് അതിൽ ഉൾപ്പെടുത്തിയത് ?
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ 3 എണ്ണം UDF ഉം 3 എണ്ണം LDF ഉം ഭരിക്കുന്നതിൽ 5 പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാർ കാണിക്കുന്ന രാഷ്ടീയ മര്യാദപോലും ഒളവണ്ണയിലെ പ്രതിപക്ഷ പാർട്ടികളോട് കാണിക്കാത്തത് വരെയധികം ദുഃഖകരമാണ്.
താങ്കൾക്ക് മുൻപ് ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കസേരയിൽ ഇരുന്നത് മുഴുവനും താങ്കളുടെ പാർട്ടിക്കാരാണ്. അവർ പോലും ഇത്തരത്തിലുള്ള അനീതി കാണിച്ചിട്ടില്ല എന്ന കാര്യം ഓർക്കുന്നത് നന്ന്.
കമ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ ശേഖരിക്കുമ്പോൾ ഭരണ സമിതി UDF കാരുടെ സഹായം തേടുന്നു എന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ട്. അവർ കമ്മ്യൂണിറ്റി കിച്ചണിലേക്ക് വേണ്ട വിഭവങ്ങൾ തരുന്നുണ്ട് എന്നറിയുമ്പോൾ അതിലേറെ സന്തോഷവവുമുണ്ട്. പൊതുജനങ്ങളിൽ നിന്ന് ഫണ്ടും വിഭവങ്ങളും ശേഖരിക്കുന്ന കാര്യമായതിനാൽ അതിന്റെ സുതാര്യത ഉറപ്പു വരുത്തേണ്ടതുണ്ട്. വരവ് ചിലവുകൾ കൃത്യമായി രേഖപ്പെടുത്തുന്ന രീതിയിലുള്ള ഒരു അക്കൗണ്ടിംഗ് സിസ്റ്റം ഇതിനായി സ്ഥാപിക്കുന്നത് നന്നായിരിക്കും. എറണാകുളത്ത് ദമ്പതികൾ അടക്കമുള്ള ഒരു ടീം 43 ലക്ഷം രൂപ പാവപെട്ടവർക്ക് കിട്ടേണ്ട പ്രളയ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് നമ്മുടെ മുന്നിലുള്ള കറുത്ത അനുഭവമാണ്. ആയിത്തിയഞ്ഞൂലധികം പാവപ്പെട്ട ഒളവണ്ണക്കാർക്ക് പതിനായിരം രൂപ പ്രളയ ദുരിതാശ്വാസം പോലും കിട്ടാത്ത കാര്യവും നമ്മുടെ മുന്നിൽ ഉണ്ട്.
അസാധാരണമാം വിധം കോവിഡ് ദുരന്തം ലോകം മുഴുവൻ ഭീഷണമായി വ്യാപിക്കുമ്പോൾ സങ്കുചിത കക്ഷിരാഷ്ട്രീയ ചിന്ത വെടിഞ്ഞ് മഹാമാരിയെ നേരിടാൻ നമുക്ക് ഒന്നിക്കാം. ഇന്നലെ വരെയുള്ള പോരായ്മകൾ തിരുത്തി മുന്നോട്ട് പോകണമെന്ന് വിനയ പുരസ്സരം അഭ്യർത്ഥിച്ചു കൊണ്ട് നിർത്തുന്നു.
എന്ന്
വിശ്വസ്തതയോടെ
എ.ഷിയാലി
01.04.2020
ഒളവണ്ണ