ലോക്ക്ഡൗൺ സഹായഹസ്തവുമായി താമരശേരി രൂപത
താമരശേരി: കോവിഡ് 19 രോഗ വ്യപാന പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായവരെ സാഹായിക്കുന്നതിനായി ഭക്ഷ്യകിറ്റുകളും മരുന്നും നല്‍കി താമരശേരി രൂപത. രൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ സിഒഡിയുടെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. രൂപതയുടെ പരിതിയില്‍ വരുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലായി രൂപതയില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം 123 ഇടവകകള്‍ കേന്ദരീകരിച്ച് ഇതിനായി വികാരിമാര്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുകയാണ്. നിര്‍ധനരായ രോഗികള്‍ക്ക് മരുന്നും ഭക്ഷ്യ വസ്തുക്കളും സാമ്പത്തിക സഹായവും നല്‍കി വരുന്നുണ്ട്. സിഒഡിയിലെ സംഘങ്ങളുടെ സാഹയത്തോടെ മാസ്‌കുകളും സാനിറ്റൈസറുകളും നിര്‍മ്മിച്ച് കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലും വിവിധ സ്ഥാപനങ്ങളിലും വിതരണം ചെയ്തു. കോവിഡ് 19 രോഗ വ്യാപന ഭീതിയില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന രോഗികള്‍ക്കും നിര്‍ധനര്‍ക്കും കൗണ്‍സലിങും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നല്‍കി വരുന്നുണ്ട്.
പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് നല്‍കിയ ഭക്ഷ്യ വസ്തുക്കള്‍ ഗ്രാമപഞ്ചായത്ത് പ്രസഡന്റ് പി.ആര്‍.രാകേഷിന് കൈമാറി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കര്‍മ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ എം.ഇ. ജലീല്‍, മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് ജോണ്‍, രൂപത വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവുങ്കര, ഫാ.മാത്യു പുളിമൂട്ടില്‍, സിഒഡി ഡയറക്ടര്‍ ഫാ. ജോസഫ് മുകളേപറമ്പില്‍, അസി. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് ചെമ്പരത്തി എന്നിവര്‍ പങ്കെടുത്തു.