ലോക്ഡൗണിലും എം.വി.ആറിൽ സമൃദ്ധിയുടെ ഇഫ്താർ
മാവൂർ: ലോക്ക്ഡൗണിന്റെ
പ്രയാസങ്ങൾക്കിടയിൽ ചൂലൂർ എം.വി.ആർ കാൻസർ സെന്ററിൽ ഒറ്റപ്പെട്ടു പോയ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സമൃദ്ധമായ ഇഫ്താറും അത്താഴവും നൽകി എസ്.വൈ.എസിന്റെ സാന്ത്വനം. കഴിഞ്ഞ വർഷങ്ങളിൽ വളരെ വിപുലമായി കുന്ദമംഗലം സോൺ എസ് വൈ എസിന്റെ കാർമികത്വത്തിൽ എം. വി. ആർ കാൻസർ സെന്ററിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും വേണ്ടി സംഘടിപ്പിച്ചിരുന്ന നോമ്പുതുറയും അത്താഴവും കോവിഡ് 19 മായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിൽ തൽക്കാലം നിർത്തിവെക്കാൻ സംഘടന തീരുമാനിച്ചതായിരുന്നു. അതിനിടയിലാണ് ഒരു വിധേനയും ഭക്ഷണം ലഭ്യമാകാത്ത ഏതാനും പേരുടെ ദൈന്യത എം.വി.ആർ ആശുപത്രിയിലെ ജീവനക്കാരിൽ ചിലർ എസ്.വൈ.എസ് സോൺ നേതാക്കളെ വിളിച്ചറിയിക്കുന്നത്.
അങ്ങനെ നാലു പേർക്ക് വേണ്ടി ഭക്ഷണം ലഭ്യമാക്കാൻ സംഘടന മുന്നോട്ടുവരികയായിരുന്നു. പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ കൂടുതൽപേർ ആവശ്യക്കാരായി ഉണ്ടെന്ന് ബോധ്യമാവുകയും അവർക്കും ഭക്ഷണം ഒരുക്കുകയും ചെയ്തു.
നിലവിൽ എഴുപതോളം പേർക്ക് ഇഫ്താറും അത്താഴവും തയ്യാറാക്കി എത്തിക്കുന്നുണ്ട്. പ്രത്യേക സാഹചര്യത്തിൽ മുൻവർഷങ്ങളിലെ പോലെ സാമ്പത്തിക സഹായങ്ങൾ കണ്ടെത്താനായില്ലെങ്കിലും കൂട്ടമായിരുന്നു ഭക്ഷിക്കാനുള്ള ഇഫ്താർ പന്തൽ ഇല്ല എന്നത് ഒഴിച്ചുനിറുത്തിയാൽ മുൻവർഷങ്ങളിലെ പോലെ ആവശ്യക്കാർക്ക് നല്ല സേവനം ലഭ്യമാക്കാനായി എന്നതിന്റെ നിർവൃതിയിലാണ് എസ്.വൈ.എസ് കുന്ദമംഗലം സോൺ സാരഥികൾ.