ശരികൾ , തെറ്റുകൾ ഇവ കാലത്തിനും അവസ്ഥകൾക്കും അനുസരിച്ച് മാറിക്കൊണ്ടിരിക്കും.
എക്കാലവും ശരി എന്ന് കരുതപ്പെടുന്ന ഒന്നും തന്നെയില്ല. സ്വന്തം അനുഭവങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ചാണ് ഓരോരുത്തരും തങ്ങളുടെ ശരികൾ രൂപപ്പെടുത്തുന്നത്.
തെറ്റിന്റെ വിപരീത പദമല്ല ശരി. തെറ്റല്ലാത്തത് എല്ലാം ശരിയാണെന്നൊ ശരിയല്ലാത്തത് എല്ലാം തെറ്റാണെന്നൊ ദുർവ്യാഖ്യാനം ചെയ്യേണ്ട . നാടിനും കാലത്തിനും അനുസരിച്ച് ഇവ മാറിക്കൊണ്ടേ ഇരിക്കും
ഇന്നലെ ശരി എന്ന് കരുതിയിരുന്നവ ഇന്ന് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട് . തെറ്റ് ശരിയാണെന്നും . ഒരാളുടെ ശരികൾ മറ്റൊരാളുടെ തെറ്റുകളാവാം.. ഈ അർത്ഥവ്യത്യാസങ്ങളിൽ നിന്നാണ് അഭിപ്രായ വ്യത്യാസങ്ങളും വാഗ്വാദങ്ങളും ഗ്വാ ഗ്വാ വിളികളും ഉടലെടുക്കുന്നത്
അവനവന്റെയും അപരന്റെയും ശരികൾക്കിടയിൽ ഒരു യഥാർത്ഥ ശരി ശ്വാസം മുട്ടുന്നുണ്ടാവും. സ്വന്തം ശരികളെ അംഗീകരിക്കുന്നവർ അന്യന്റെ ശരികളെ അവഗണിക്കാതിരിക്കുന്ന കാര്യത്തിലും ഉണ്ടായാൽ ശരികൾ തമ്മിൽ ഐക്യപ്പെടുകയും അതിൽ നിന്ന് പുതിയ ശരികൾ രൂപം കൊള്ളുകയും ചെയ്യും.
പരസ്പര ബഹുമാനത്തിന്റെ ചുവടുകളിൽ നിന്നാണ് പരസ്പര പൂരകങ്ങളായ ശരികൾ ഉടലെടുക്കുന്നത്. സ്വന്തം ശരികളെ പോലെ അന്യന്റെ ശരികളെയും സ്വാംശീകരിക്കാൻ കഴിയുമ്പോൾ പുതിയൊരു നവലോകം പിറക്കും.
Adv.Shameer Kunnamangalam
+91 95677 46003