പ്രവാസി സമൂഹത്തോട് കേന്ദ്ര – സംസ്ഥാന സർക്കാറുകൾ കാണിക്കുന്നത് ക്രൂരമായ വിവേചനം: വെൽഫെയർ പാർട്ടി
കുറ്റിക്കാട്ടൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര – സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന ക്രൂരമായ വിവേചനത്തിനെതിരെ വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കാട്ടൂരിൽ പ്രതിഷേധപ്രകടനവും സംഗമവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ പി അൻവർ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അമിതമായ ചാർജ് ഈടാക്കി പ്രവാസി സമൂഹത്തിന്റെ നാട്ടിലേക്കുള്ള വരവ് തടസ്സപ്പെടുത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. കോവിഡ് വ്യാപനത്തെ തടയുന്നതിൽ മുൻപന്തിയിലെന്ന് അവകാശവാദം ഉന്നയിക്കുന്ന സംസ്ഥാന സർക്കാർ നാടിന്റെ നട്ടെല്ലായ പ്രവാസി സമൂഹത്തെ പരമാവധി ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. മതിയായ ക്വാറന്റൈൻ സൗകര്യം ഒരുക്കാതെയും ചാർട്ടേഡ് വിമാനങ്ങൾക്ക് അനാവശ്യ നിബന്ധനകൾ ഏർപ്പെടുത്തിയും പ്രവാസി സമൂഹത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കാനാണ് പിണറായി സർക്കാറിന്റെ താത്പര്യം. ഇരുന്നൂറിലധികം പ്രവാസി മലയാളികൾ കോവിഡിനെ തുടർന്ന് മരണപ്പെട്ടിട്ടും തികഞ്ഞ നിസ്സംഗത പുലർത്തുന്ന സർക്കാർ നിലപാട് ജനദ്രോഹപരമാണന്നും അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികൾക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് ടി പി ഷാഹുൽ ഹമീദ്, പഞ്ചായത്ത് പ്രസിഡന്റ് സമദ് നെല്ലിക്കോട്, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗങ്ങളായ അനീസ് മുണ്ടോട്ട്, മുസ്‌ലിഹ് പെരിങ്ങൊളം, റഫീഖ് കുറ്റിക്കാട്ടൂർ, ടി കെ അബ്ദുല്ല, ബക്കർ വെള്ളിപറമ്പ്, നൗഫൽ മുണ്ടോട്ട് എന്നിവർ നേതൃത്വം നൽകി.