പ്രവാസികളുടെ തിരിച്ചുവരവ് തടയുന്നതിന് സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന
നിബന്ധനകൾ വേദനാജനകമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാറിൻ്റെ പ്രവാസിദ്രോഹ നടപടികൾക്കെതിരെ മുസ്ലിം ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റി പുവ്വാട്ടുപറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ഏർപ്പെടുത്തുന്ന ഓരോ നിബന്ധനകളെയും പ്രവാസികൾ മറി കടക്കുമ്പോൾ പുതിയ നിബന്ധകൾ കൊണ്ട് വന്ന് സർക്കാർ ഉടക്കിടുകയാണ്. സൗജന്യ കോറൻ്റീൻ നിർത്തി കൊണ്ടായിരുന്നു സർക്കാറിൻ്റെ ആദ്യ ഉടക്ക്. കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുന്നതിന് വേണ്ട ഇടപെടൽ നടത്താനോ നോർക്കയുടെ നേതൃത്വത്തിൽ ചാർട്ടേഡ് ഫ്ളൈറ്റ് ഒരുക്കാനോ നടപടിയുണ്ടായില്ല. കെ.എം.സി.സി. അടക്കം ചാർട്ടേഡ് ഫ്ളൈറ്റ് ഒരുക്കിയപ്പോൾ അതിലെ നിരക്കിനെ ചൊല്ലി സർക്കാർ ഉടക്കിട്ടു. നിരക്കിലെ അധിക ബാധ്യത സംഘടനകൾ ഏറ്റെടുത്തപ്പോൾ കോവിഡ് ടെസ്റ്റ് വേണമെന്ന പുതിയ നിബന്ധന കൊണ്ടുവന്നു. രോഗികൾ വർദ്ധിച്ചത് മൂലം രോഗലക്ഷണമുളളവർക്ക് പോലും ടെസ്റ്റ് വൈകുന്ന ഗൾഫ് രാജ്യങ്ങളിൽ ടെസ്റ്റ് റിസൾട്ടിന് ശേഷം യാത്ര എന്നത് അപ്രായോഗികമാണ്. ഇത് അറിഞ്ഞു തന്നെയാണ് പ്രവാസിയാത്ര മുടക്കാൻ സർക്കാർ ഇത്തരമൊരു നിബന്ധന ഉൾപ്പെടുത്തിയത്. ഇതും പരിഹരിക്കപ്പെട്ടാൽ പുതിയ ഉടക്ക് വരും. ചാർട്ടേഡ് വിമാനത്തിൽ പൈലറ്റ് പാടില്ല എന്ന നിബന്ധന വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയിൽ വന്നും വരുന്ന മലയാളികളുടെ കാര്യത്തിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര നിലപാടിനെതിരെ ശബ്ദിച്ച മുഖ്യമന്ത്രി ഇപ്പോൾ അതെ നിലപാടിലേക്ക് മാറിയിരിക്കുകയാണ്. അദ്ദേഹം ഇരട്ട ചങ്കനല്ല ,ഇരട്ടത്താപ്പനാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
പ്രസിഡണ്ട് ടി.പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ.മൂസ മൗലവി, എ.ടി.ബഷീർ , പി.പി. ജാഫർ മാസ്റ്റർ ,പി.കെ.ഷറഫുദ്ദീൻ, മുളയത്ത് മുഹമ്മദ് ഹാജി സി. അബ്ദുറഹിമാൻ , ഇ.സി. മുഹമ്മദ് , എൻ.വി. കോയ പ്രസംഗിച്ചു. പൊതാത്ത് മുഹമ്മദ് ഹാജി സ്വാഗതവും ഉനൈസ് പെരുവയൽ നന്ദിയും പറഞ്ഞു.