ഇന്ധന വില വര്‍ധനവ്: വാഹനം തോളിലേറ്റി വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം
കുറ്റിക്കാട്ടൂർ: ദുരിത കാലത്ത് തുടർച്ചയായ പത്താം ദിനവും പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് വെല്‍ഫെയര്‍ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കാട്ടൂരിൽ വാഹനം തോളിലേറ്റി പ്രതിഷേധിച്ചു. വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ടി പി ഷാഹുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. മഹാമാരി വര്‍ദ്ധിക്കുമ്പോഴും ആരോഗ്യ മേഖലയില്‍ ഒന്നും ചെയ്യാതെ പെട്രോള്‍, ഡീസല്‍ വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടും ദൈനംദിന ജീവിതത്തിന് വകയില്ലാതെയും വഴിമുട്ടുന്ന ജനങ്ങള്‍ക്ക് മേല്‍ വീണ്ടും ഭാരം കെട്ടി വച്ചു കൊണ്ട് ഫാഷിസത്തിന്റെ തനിനിറം കാണിക്കുകയാണ് മോഡി സര്‍ക്കാര്‍. ജനങ്ങളില്‍ നിന്നും വിവിധ ഇനങ്ങളിലായി പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് ഭരണകൂടം ഇപ്പോള്‍ നികുതിയായി പിരിച്ചെടുക്കുന്നത്. ജനങ്ങളെ പട്ടിണിയിലേക്ക് തള്ളുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍
ജനാധിപത്യ സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് സമദ് നെല്ലിക്കോട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ്, മുസ്‌ലിഹ് പെരിങ്ങൊളം, റഫീഖ് കുറ്റിക്കാട്ടൂർ, നൗഫൽ മുണ്ടോട്ട്, അസീസ് വെണ്ണ്യകുഴി, അൻജൂം റഹ്മാൻ എന്നിവർ നേതൃത്വം നൽകി.