തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് അധികമായി ഉപയോഗിച്ച വൈദ്യുതിയുടെ ബില്ലിന് ആനുപാതികമായി സബ്സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ബില്‍ ക്രമാതീതമായി വര്‍ധിച്ചതിനെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ വിശദീകരണം.
40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിലവില്‍ സൗജന്യമാണ്. ലോക്ഡൗണ്‍ കാലത്തെ അധിക ഉപഭോഗം കാരണം ഈ പരിധി കടന്നിട്ടുണ്ടെങ്കിലും അവരില്‍ നിന്ന് ബില്‍ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
50 യൂണിറ്റ് വരെ വൈദ്യൂതി ഉപയോഗിക്കുന്നവര്‍ക്ക് അധിക വൈദ്യുതി ഉപഭോഗത്തിന്റെ പകുതി സബ്സിഡിയായി അനുവദിക്കും.
100 യൂണിറ്റ് വരെ വൈദ്യൂതി ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗത്തിന്റെ 30 ശതമാനം സബ്സിഡി അനുവദിക്കും.
150 യൂണിറ്റ് വരെ വൈദ്യൂതി ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗത്തിന്റെ 25 ശതമാനമാണ് സബ്സിഡി ലഭിക്കുക. 150 യൂണിറ്റിന് മുകളില്‍ വൈദ്യൂതി ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗത്തിന്റെ 20 ശതമാനം സബ്സിഡി ലഭിക്കും. 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ കാലത്തെ ബില്‍ അടക്കുന്നതിന് അഞ്ച് തവണകള്‍ വരെ അനുവദിക്കും. മൂന്ന് തവണകള്‍ വരെയായി അടക്കാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
സബ്സിഡി അനുവദിക്കുന്നതിലൂടെ വൈദ്യൂതി ബോര്‍ഡിന് 200 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക.
വൈദ്യൂതി ചാര്‍ജ് പുതുക്കിയിട്ടില്ലെന്നും ഉപഭോഗം വര്‍ധിച്ചതിനാലാണ് ബില്‍ തുക വര്‍ധിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. നാല് മാസത്തെയടക്കം ബില്‍ ഒരുമിച്ച് നല്‍കിയതിനാലാണ് തുക വര്‍ധിച്ചത്. ഫെബ്രുവരി മുതല്‍ മെയ് വരെ ഉപഭോഗം വര്‍ധിക്കുന്ന മാസങ്ങളാണെന്നും ലോക്ഡൗണ്‍ കൂടി ആയതിനാല്‍ ഗാര്‍ഹിക ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാലും പരാതികള്‍ പരിശോധിക്കാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്തെ ബില്‍ അടക്കാത്തതിന് ആരുടെയും വൈദ്യൂതി കണക്ഷന് വിച്ഛേദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.