താമരശ്ശേരിയുടെ സ്വപ്ന പദ്ധതി ചുങ്കം ലിങ്ക് റോഡ് യാഥാർത്ഥ്യത്തിലേക്ക്: കാരാട്ട് റസാഖ്.എം.എൽ.എ.
താമരശ്ശേരി:
മലയോര മേഖലയുടെ ആസ്ഥാനമായ താമരശ്ശേരിയുടെ വികസന ചരിത്രത്തിൽ പുതിയ കാൽവെപ്പായ താമരശ്ശേരി ചുങ്കം ലിങ്ക് റോഡ് യാഥാർത്ഥ്യത്തിലേക്ക്. താമരശ്ശേരിക്കാരുടെ വർഷങ്ങളായുള്ള മുറവിളിയാണ് ബൈപ്പാസ് എന്ന സ്വപ്ന പദ്ധതി.കേന്ദ്രത്തിലെയും കേരളത്തിലേയും മാറി മാറി വന്ന സർക്കാറുകളിൽ നിന്നും ഈ പദ്ധതിക്ക് അനുകൂലമായ സമീപനം നാളിതുവരെയും ലഭിച്ചിരുന്നില്ല.2016ൽ അധികാരത്തിൽ വന്ന എൽ.എ ഡി.എഫ് സർക്കാറിൻ്റെ ആദ്യ ബഡ്ജറ്റിൽ തന്നെ പ്രസ്തുത പദ്ധതിക്ക് കിഫ് ബിയിൽ ഉൾപെടുത്തി 20 കോടി രൂപ അനുവദിച്ചിരുന്നു.എന്നാൽ ബൈപ്പാസ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയപ്പോൾ ഈ പദ്ധതി നിലവിൽ ദേശീയപാത വിഭാഗത്തിൻ്റെ കീഴിൽ വരുന്നതിനാൽ കിഫ്ബിയിൽ അനുവദിച്ച ചുങ്കം ബൈപ്പാസ് പദ്ധതി ഭരണാനുമതി നൽകിയ പട്ടികയിൽ നിന്നും ഒഴിവാക്കി കൊണ്ട് 2018 നവംബറിൽ ദേശീയപാത വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഇതിനെ തുടർന്ന് അതേ വർഷം ഡിസംബർ മാസത്തിൽ കാരാട്ട് റസാഖ് എം.എൽ എ യുടെ ഇടപെടലിൻ്റെ ഭാഗമായി താമരശ്ശേരി ചുങ്കം ലിങ്ക് റോഡ് എന്ന് പുനർനാമകരണം ചെയ്തു കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കുകയും ചെയ്തു. പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് കേരള റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. നിലവിൽ ചുങ്കം ചെക് പോസ്റ്റിൽ നിന്നും ആരംഭിച്ച് മുക്കം റോഡിൽ കുടുക്കിലുമ്മാരം അങ്ങാടിയിൽ നിന്നും അണ്ടോണ വഴി താഴെ പരപ്പൻ പൊയിലിൽ ദേശീയ പാതയിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി പ്രാഥമികമായി തയ്യാറാക്കിയത്. വിശദമായ പദ്ധതി തയ്യാറാക്കുന്നതിനു മുന്നോടിയായിട്ട് കാരാട്ട് റസാഖ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ, സാമൂഹിക, വ്യാപാര മേഖലയിലെ പ്രതിനിധികളുടെയും യോഗം താമരശ്ശേരി വ്യാപാരഭവനിൽ ചേർന്നു.പദ്ധതിയുടെ വിജയത്തിന് സമയബന്ധിതമായി പ്രവർത്തനങ്ങൾ നടത്തുവാൻ യോഗത്തിൽ തീരുമാനമായി.ഏറ്റവും അനുയോജ്യകരമായ രീതിയിൽ പദ്ധതി പ്രാവർത്തികമാക്കുവാൻ ആർ.ബി.ഡി.സിക്ക് നിർദേശം നൽകുകയും ചെയ്തു.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹാജറ കൊല്ലരു കണ്ടി, വൈസ് പ്രസിഡൻറ് നവാസ് ഈർപ്പോണ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.പി.മുസ്തഫ, എ.ടി.ഹരിദാസൻ, രത്ന വല്ലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ.പി.ഭാസ്കരക്കുറുപ്പ്, പി.സി.ഹബീബ്തമ്പി, കെ.എം അഷ്റഫ് മാസ്റ്റർ, കെ.സദാനന്ദൻ, ഗിരീഷ് തേവള്ളി, എ.പി. സജിത്ത്, ജോൺസൺ ചക്കാട്ടിൽ, ടി.ആർ, ഓമനക്കുട്ടൻ, കരീം പുതുപ്പാടി, പി.ടി.മുഹമ്മദ് ബാപ്പു പി, സി മോയിൻകുട്ടി, പി.സി ഇബ്രാഹിം മാസ്റ്റർ, അമീർ മുഹമ്മദ് ഷാജി, സി.ടി. ടോം, എ.പി.ചന്തു മാസ്റ്റർ, ആർ.ബി.ഡി സി.മാനേജർ അജ്മൽ ഷാ, പൊതുമരാമത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ വി. അമൽജിത്ത് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഹാജറ കൊല്ലരു കണ്ടി ചെയർമാനും, സി.ടി. ടോം കൺവീനറും, പി.ടി.മുഹമ്മദ് ബാപ്പു ട്രഷററായും കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തു.യോഗത്തിനു ശേഷം നിർദ്ധിഷ്ഠ സ്ഥലം കമ്മിറ്റി അംഗങ്ങൾ സന്ദർശിക്കുകയും ചെയ്തു.