പാർട്ടിക്കാരെ നിയമിക്കാനായി കോവിഡ് ഡ്യൂട്ടി എടുത്തവരെ ഇറക്കിവിടുന്നു.
ദിനേശ് പെരുമണ്ണ
കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് മഹാമാരിക്കിടെ, തിടുക്കപ്പെട്ട് ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II നിയമനം നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയനീക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് മൂലം മാർച്ച് മാസം മുതൽ കോവിഡ് ഡ്യൂട്ടി എടുത്തു തുടർന്ന് പോരുന്ന ദിവസ വേതന തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചു വിടേണ്ട സാഹചര്യമാണ്. എമ്പ്ലോയെമെൻറ് എക്സ്ചേഞ്ച് നിർദേശിച്ചവരിൽ നിന്നും പേരിന് കൂടിക്കാഴ്ച്ച നടത്തി, സി പി എം പാർട്ടി നേതൃത്വം നൽകിയ പട്ടിക പ്രകാരമാണ് മെഡിക്കൽ കോളേജ് അധികൃതർ നിയമന ഉത്തരവ് അയച്ചിരിക്കുന്നത്. സ്വന്തം ആരോഗ്യവും, ജീവനും പരിഗണിക്കാതെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനിറങ്ങിയ ദിവസവേതന തൊഴിലാളികളെ കറിവേപ്പില പോലെ ഉപയോഗശേഷം വലിച്ചെറിയുന്നത് വലിയ നീതികേടാണ്. ഇവരുടെ പ്രവർത്തന പരിചയം തുടർന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി ഉപയോഗപ്പെടുത്താൻ സർക്കാർ തയ്യാറാവണം. കോവിഡ് ഡ്യൂട്ടി ചെയ്തു എന്ന കാരണത്താൽ ഇവർക്ക് മറ്റൊരു ജോലി സമ്പാദിക്കുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസമാണ്. അതിനാൽ കോവിഡ് പ്രതിസന്ധി കഴിയുന്നത് വരെയെങ്കിലും ഇവരെ തുടരാൻ അനുവദിക്കണം.