ഹജ്ജിന് നിയന്ത്രണം: പുറത്തുനിന്നുള്ളവർക്ക് ഇത്തവണ അനുമതിയില്ലെന്ന് സൗദി
റിയാദ്> കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് സൗദി അറേബ്യ നിയന്ത്രണമേർപ്പെടുത്തി. പരിമിതമായ ആഭ്യന്തര തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് കർമ്മങ്ങൾ നടത്താനാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ തീരുമാനം. സൗദിയിൽ നിലവിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേർക്ക് പങ്കെടുക്കാൻ അവസരമുണ്ടാകും.
കൊവിഡിനു ഫലപ്രദമായ ചികിത്സയുടെ അഭാവത്തിൽ ആഗോള അരോഗ്യസുരക്ഷ നിലനിർത്തുകയെന്നത് രാജ്യത്തിന്റെ കടമയായതിനാൽ പുറത്തുനിന്നുള്ളവർക്ക് ഇപ്രാവശ്യം ഹജ്ജിന് പ്രവേശനം നൽകേണ്ടെന്നാണു തീരുമാനം.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതലുകൾ പാലിച്ചുമായിരിക്കും ചടങ്ങുകൾ. ഒത്തുചേരൽ, കൂട്ടംകൂടിയുള്ള ആചാരങ്ങൾ, ഒരുമിച്ചുള്ള ചലനങ്ങൾ എന്നിവ രോഗം പടരുന്നതിന് കാരണമായേക്കുമെന്നും വിലയിരുത്തലിലാണ് പുതിയ നിർദ്ദേശങ്ങൾ.
കഴിഞ്ഞ വർഷം 25 ലക്ഷം തീർഥാടകരായിരുന്നു ഹജ്ജിനെത്തിയത്. കൊവിഡ് കാലത്ത് ആളുകൾ ഒത്തുചേരുന്നത് വലിയ തോതിലുള്ള രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ഉംറയും സിയാറത്തും നിർത്തിവെച്ചിരുന്നു.