Peruvayal News

Peruvayal News

കോവിഡ് ഡ്യൂട്ടിയിലുള്ള ദിവസവേതന തൊഴിലാളികളെ പ്രതിസന്ധി ഘട്ടത്തിൽ പിരിച്ചു വിടരുത് - ദിനേശ് പെരുമണ്ണ


കോവിഡ് ഡ്യൂട്ടിയിലുള്ള ദിവസവേതന തൊഴിലാളികളെ പ്രതിസന്ധി ഘട്ടത്തിൽ പിരിച്ചു വിടരുത് - ദിനേശ് പെരുമണ്ണ 
കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് II തസ്തികയിലേക്ക് 150 ഓളം പേരെ നിയമിച്ച് കൊണ്ട് ഉത്തരവായി എന്ന് അറിയാൻ കഴിയുന്നു. ഇവർ ജോലിയിൽ പ്രവേശിക്കുന്നതോടെ നിലവിൽ ഇവരുടെ ഒഴിവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ദിവസ വേതന തൊഴിലാളികളെ പിരിച്ചു വിടേണ്ടതായി വരും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വന്തം ആരോഗ്യവും, ജീവനും പണയം വച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദിവസവേതന തൊഴിലാളികളെ ഒരു പ്രതിസന്ധിഘട്ടത്തിൽ കറിവേപ്പില പോലെ വലിച്ചെറിയുന്നത് നീതികേടായിരിക്കും എന്ന് പറയാതിരിക്കാനാവില്ല. കോവിഡ് ഐസൊലേഷൻ വാർഡുകളിൽ അടക്കം ഇവർ നിർവഹിച്ചു കൊണ്ടിരിക്കുന്ന സേവനങ്ങൾ വാക്കുകൾ കൊണ്ട് എണ്ണിപ്പറയാവുന്നതിലും ഉപരിയാണ്. ഒരു രോഗി ഒഴിഞ്ഞു മറ്റൊരു രോഗി പ്രവേശിക്കുന്നതിന് മുൻപായി ഐസൊലേഷൻ മുറികൾ (ശുചിമുറി അടക്കം) പൂർണമായും വൃത്തിയാക്കുന്നത് ദിവസ വേതന തൊഴിലാളികളാണ്. കൂട്ടിരിപ്പുകാർ പോലും അനുവദനീയമല്ലാത്ത  കിടപ്പിലുള്ള രോഗികളുടെ വിസർജ്യങ്ങൾ വരെ  നീക്കം ചെയ്ത് അവരെ പരിചരിക്കുന്ന ഉത്തരവാദിത്വം യാതൊരു പരാതിയുമില്ലാതെ നിറവേറ്റിപ്പോരുന്നവരാണിവർ. PPE കിറ്റ് ധരിച്ച് 10ഉം 12ഉം മണിക്കൂർ വരെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇവരുടെ തൊഴിൽ നഷ്ടപ്പെടുന്നതോടെ,   ഈ  ലോക്ക് ഡൌൺ കാലഘട്ടത്തിൽ ഇവരുടെ കുടുംബം  പട്ടിണിയിലേക്ക്  വലിച്ചെറിയപ്പെടും. ഇവരിൽ ഭൂരിഭാഗവും കുടുംബത്തിന്റെ ഏക അത്താണിയും, വരുമാന മാർഗവുമാണ്. സ്വന്തം ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്നതിനിടയിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും,  ഈ മഹാമാരിയുടെ മധ്യത്തിൽ പുറത്താക്കപ്പെടുമെന്ന വാർത്തയിൽ ഇവർ പകച്ചു നിൽക്കുകയാണ്.  കോവിഡ് ഡ്യൂട്ടിയിലായിരുന്നു എന്നുള്ളത് കൊണ്ട് ഉടൻ തന്നെ മറ്റൊരു ജോലി സംഘടിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ഇപ്പോൾ തന്നെ ഇവരിൽ പലരും  വീടുകളിൽ പോകാതെ മെഡിക്കൽ കോളേജിലെ താമസ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഡ്യൂട്ടി ചെയ്ത് കൊണ്ടിരിക്കുന്നത്.  സ്വന്തം വീടുകളിലെ പട്ടിണി മാറ്റാൻ വേണ്ടിയാണെങ്കിലും, ലോകം പകച്ചു നിന്ന പ്രതിസന്ധി ഘട്ടത്തിൽ തന്റേടത്തോടെ മുന്നിട്ടിറങ്ങി കൊറോണയെ നേരിടാൻ സധൈര്യം ജോലി ചെയ്ത് കൊണ്ടിരിക്കുന്ന ഇവരുടെ സാമൂഹ്യ പ്രതിപദ്ധത അത്ര എളുപ്പത്തിൽ കണ്ടില്ലെന്ന് നടിക്കാനൊക്കുമോ? അതേ പ്രതിസന്ധിയുടെ മധ്യത്തിൽ 'നിങ്ങളുടെ സേവനം ഇനി മുതൽ ആവശ്യമില്ല ' എന്ന് പറഞ്ഞു ഇവരെ ഇറക്കി വിടുന്നത് നീതികേട്‌ തന്നെയാണ്. മാത്രവുമല്ല കോവിഡ് സെന്റർ ആക്കി  മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പരിചിതരായ ഇത്രയും ജീവനക്കാരെ പെട്ടെന്ന് ഒഴിവാക്കുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന് ഉറപ്പാണ്. പുതുതായി നിയമനം ലഭിച്ചു വരുന്നവർക്കാവട്ടെ ഈ മേഖലയിൽ മുൻപരിചയമുണ്ടാവില്ലെന്ന് മാത്രവുമല്ല ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടാനായി എന്നും വരില്ല. ഇത് രോഗികൾക്കും മറ്റു ആരോഗ്യ സഹപ്രവർത്തകർക്കും ഏറെ ബുദ്ധിമുട്ടുകൾ വരുത്തിവെക്കുകയും ചെയ്യും. ആരോഗ്യ, സാമൂഹ്യ മേഖലകളിൽ വന്നേക്കാവുന്ന പ്രതിസന്ധി കണക്കിലെടുത്ത്  പുതിയ സ്ഥിരം ജീവനക്കാർ വരുന്ന മുറക്ക് ദിവസവേതനക്കാരെ പിരിച്ചു വിടുന്നത് ഈ കോവിഡ് പ്രതിസന്ധി കഴിയുന്നത് വരെയെങ്കിലും ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ഈ സാഹചര്യത്തിൽ അഭ്യർത്ഥിക്കുന്നു.

ദിനേശ് പെരുമണ്ണ 
(Ph: 99952 62653)
ജില്ലാ പ്രസിഡന്റ് 
Kerala Govt. HDS Staff Association (INTUC)

Don't Miss
© all rights reserved and made with by pkv24live