പ്രവാസികളെ കൊലക്ക് കൊടുക്കരുത്: വെൽഫെയർ പാർട്ടി അവകാശ പത്രിക സമർപ്പിച്ചു.
പെരുവയൽ: പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര-കേരള സർക്കാരുകൾ സ്വീകരിക്കുന്ന നിസ്സംഗ നിഷേധ സമീപനത്തിൽ പ്രതിഷേധിച്ചുകൊണ്ട് വെൽഫെയർ പാർട്ടി 'പ്രവാസികളെ കൊലക്ക് കൊടുക്കരുത്, നമ്മൾ തന്നെയാണ് അവർ' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ കാല കാമ്പയ്നിന്റെ ഭാഗമായി പതിനായിരം കേന്ദ്രങ്ങളിൽ അവകാശ പത്രിക പ്രകാശനത്തിന്റെ പെരുവയൽ പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിംലീഗ് കുന്നമംഗലം മണ്ഡലം പ്രസിഡന്റ് മൂസ മൗലവിക്ക് നൽകിക്കൊണ്ട് വെൽഫയർ പാർട്ടി കുന്നമംഗലം മണ്ഡലം പ്രസിഡന്റ് ടിപി ഷാഹുൽ ഹമീദ് നിർവ്വഹിച്ചു. അമിതമായ ചാർജ് ഈടാക്കി പ്രവാസി സമൂഹത്തിന്റെ നാട്ടിലേക്കുള്ള വരവ് തടസ്സപ്പെടുത്താനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. മതിയായ ക്വാറന്റൈൻ സൗകര്യം ഒരുക്കാതെയും ചാർട്ടേഡ് വിമാനങ്ങൾക്ക് അനാവശ്യ നിബന്ധനകൾ ഏർപ്പെടുത്തിയും പ്രവാസി സമൂഹത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കാനാണ് പിണറായി സർക്കാറിന്റെ താത്പര്യം. ഇരുന്നൂറിലധികം പ്രവാസി മലയാളികൾ കോവിഡിനെ തുടർന്ന് മരണപ്പെട്ടിട്ടും തികഞ്ഞ നിസ്സംഗത പുലർത്തുന്ന സർക്കാർ നിലപാട് ജനദ്രോഹപരമാണന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികൾക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കുക, കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുക, തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വരുന്നവർക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കുക, പ്രവാസി ക്ഷേമ ഫണ്ട് കൃത്യമായി ചെലവഴിക്കുക, പ്രവാസികളുടെ തൊഴിലിനും ജീവിത സുരക്ഷിതത്വത്തിനും നയതന്ത്ര കരാറുകൾ ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ അവകാശപത്രികയിൽ ചൂണ്ടിക്കാണിക്കുന്നു. വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ്, ഇലക്ഷൻ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ, മുസ്‌ലിഹ് പേരിങ്ങൊളം എന്നിവർ സംബന്ധിച്ചു.