കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റുകളുടെ വാർഡ് തല ഉദ്ഘാടനം വാർഡ് 7 ൽ പാലഞ്ചേരി പട്ടികജാതി കോളനിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജിത നിർവ്വഹിച്ചു.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പദവിയിലേക്ക്.
മാലിന്യ സംസ്കരണ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് പെരുമണ്ണ ഗ്രാമ പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ജൈവ അജൈവ മാലിന്യ പരിപാലനത്തിന് വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ് പഞ്ചായത്ത്. ഉറവിട മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കമ്പോസ്റ്റ് പിറ്റുകളും, സോക്ക് പിറ്റ്കളും സ്ഥാപിക്കുന്ന പ്രവർത്തനം നടന്നു വരുന്നു. ആദ്യഘട്ടത്തിൽ പൂർത്തികരിച്ച കമ്പോസ്റ്റ് പിറ്റ്,
സോക്പിറ്റുകളുടെ വാർഡ് തല ഉദ്ഘാടനം 2020 ഒക്ടോബർ 19 ന് വൈകീട്ട് 4 മണിക്ക് വാർഡ് 7 ൽ പാലഞ്ചേരി പട്ടികജാതി കോളനിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.അജിത നിർവ്വഹിച്ചു. പഞ്ചായത്ത് അസി.സെക്രട്ടറി ശ്രീമതി. ശ്രീജ.കെ, വാർഡ് വികസന സമിതി അംഗം ശശീധരൻ, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ ശ്രീ.മജ്നാസ്, ഹരിത കേരളം ജില്ലാ മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് എ, യങ്ങ് പ്രോഫഷണൽ അജിത്ത് കെ.വി, കുടുംബശ്രീ എ ഡി എസ് സെക്രട്ടറി ഗീത.എം, സി ഡി എസ് മെമ്പർ ഷൈനി, ഗ്രഹനാഥ ബീന തൊഴിലുറപ്പ് തൊഴിലാളികളായ ലീല, മിനി, ഷിജ എന്നിവർ പങ്കെടുത്തു.
ഗാർഹികതലത്തിൽ ആദ്യഘട്ടത്തിൽ 720 കുടുംബങ്ങൾക്കാണ് കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ നിർമ്മിച്ചു നൽകുന്നത്. സംസ്‌ഥാന തൊഴിലുറപ്പ് പദ്ധതി മിഷൻ നിർദ്ദേശപ്രകാരം പഞ്ചായത്തിലെ എസ്.സി കോളനികൾ കേന്ദ്രീകരിച്ചാണ് കൂടുതൽ എണ്ണവും ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി, തെലുങ്കാന സംസ്ഥാനത്ത് വിജയകരമായി പൂർത്തിയാക്കിയ മാജിക്കൽ സോക്ക് പിറ്റുകളും ശുചിത്വ മിഷൻ നിർദ്ദേശ പ്രകാരം മേൽക്കൂരയോട് കൂടിയ രണ്ടു കോമ്പോസ്റ്റിംഗ് സംവിധാനവുമാണ് ഓരോ വീടുകളിലും ഒരുക്കിയത്. ഇപ്രകാരം അടുക്കളയിൽ നിന്നും കുളിമുറിയിൽ നിന്നും വരുന്ന മലിനജലം(Grey Water) പൂർണ്ണമായും ശുചീകരിക്കുന്നതിന് സോക്ക്പിറ്റുകൾ വഴിയും വീടുകളിലെ ജൈവ മാലിന്യം മികച്ച കമ്പോസ്റ്റാക്കി രൂപാന്തരപ്പെടുത്തുന്നതിന് കമ്പോസ്റ്റ് പിറ്റ് വഴിയും സാധ്യമാക്കുന്നു. 79 ലക്ഷം രൂപയാണ് ഈ പ്രവർത്തിക്കു മാത്രം വകയിരുത്തിയത്.
നേരത്തെ, സാമൂഹിക തലത്തിൽ അജൈവ മാലിന്യ ശേഖരണത്തിനായി മിനി എം സി എഫുകൾ സ്ഥാപിക്കുന്ന പ്രവർത്തനം നടന്നു വരുന്നുണ്ട്. ഇതിനോടകം 12 വാർഡുളിലായി ഇത് സ്ഥാപിച്ചു കഴിഞ്ഞു. കമ്മ്യൂണിറ്റി തലത്തിൽ തുമ്പൂർമുഴി മോഡൽ സ്ഥാപിക്കാനുള്ള ശ്രമവും നടന്നു വരുന്നുണ്ട്. ഇതിന്റെ തുടക്കം എന്ന നിലയിൽ പഞ്ചായത്തിനോട് ചേർന്ന് ഒരു യൂണിറ്റിന്റെ നിർമ്മാണം നടന്നു വരുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി നേടിയ ഗ്രാമ പഞ്ചായത്തിലൊന്നാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത്. ശുചിത്വ പദവി മാനദണ്ഡപ്രകാരം 100 ൽ 70 മാർക്കാണ് പഞ്ചായത്ത് നേടിയത്. ഹരിത കേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവരുടെ സഹകരണത്തോടെ 100 മാർക്ക് നേടി സമ്പൂർണ്ണ ശുചിത്വ പദവി നേടാനുള്ള ശ്രമത്തിലാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത്.