പുത്തൂര്‍മഠം കൊലച്ചിപ്പാറ കുടിവെള്ള പദ്ധതി പ്രവൃത്തി തുടങ്ങി;
ഇരുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും
പെരുമണ്ണ: ഇരുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ ആവിഷ്‌കരിച്ച പുത്തൂര്‍മഠം കൊലച്ചിപ്പാറ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി തുടങ്ങി. ന്യൂനപക്ഷ ക്ഷേമവകുപ്പ് അനുവദിച്ച 58 ലക്ഷം രൂപയുടെ പദ്ധതി പ്രവൃത്തിയാണ് തുടങ്ങിയത്. പുത്തൂര്‍മഠം തേട്ടത്തില്‍ ഭാഗത്ത് 75,000 ലിറ്ററും കൊലച്ചിപ്പാറ കുന്നിന്‍ മുകളിലായി 54,000 ലിറ്ററും സംഭരണശേഷിയുള്ള ടാങ്കുകള്‍ സ്ഥാപിച്ച് രണ്ട് പമ്പ് സെറ്റുകള്‍ വഴി വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി പുത്തൂര്‍മഠം ജംഗ്ഷനില്‍ നിന്നും തേട്ടത്തില്‍ ഭാഗം വരെ വാട്ടര്‍ അതോറിറ്റി 15 ലക്ഷം രൂപ വിനിയോഗിച്ച് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് ലൈന്‍ നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. കൊലച്ചിപ്പാറ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 13,14,15 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പ്രദേശത്തുകാരുടെ ഏറെകാലത്തെ കുടിവെള്ളക്ഷാമത്തിനാണ് പരിഹാരമാകുക.
തേട്ടത്തില്‍ നടന്ന ചടങ്ങില്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. അജിത അധ്യക്ഷയായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. സുനിത, ജില്ലാ പഞ്ചായത്തംഗം സി.ഉഷ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗം ആമിനാബി, പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പുത്തൂര്‍മഠം ചന്ദ്രന്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തംഗങ്ങളായ നൗഷാദ് ചെറാട്ട്, വി.പി ബാലകൃഷ്ണന്‍, കെ.അജിത കുമാരി എന്നിവര്‍ സംസാരിച്ചു. വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. മുനീര്‍ അഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടിവെള്ള പദ്ധതിയുടെ ടാങ്കുള്‍ നിര്‍മ്മിക്കാനായി സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ മക്കാട്ട് നാരായണന്‍ നായര്‍, കുറുങ്ങോട്ടുമ്മല്‍ ശ്രീധരന്‍, കൊലച്ചിപ്പാറമ്മല്‍ ശ്രീധരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.