വീട് ക്ലാസ് മുറിയാക്കി പെരുമണ്ണ അറത്തിൽ പറമ്പ് എ എം എൽ പി സ്കൂളിലെ അധ്യാപിക അര്‍ജുന ടീച്ചർ
പെരുമണ്ണ: പാഠപുസ്തകത്തിലെ ഓരോ പാഠങ്ങളും ചുമരിൽ എത്തിച്ച് വീട് ക്ലാസ് മുറിയാക്കി മാറ്റിയിരിക്കുകയാണ് പെരുമണ്ണ അറത്തിൽ പറമ്പ് എ എം എൽ പി സ്കൂളിലെ അധ്യാപികയായ പൂവാട്ടുപറമ്പ് സ്വദേശിനി അര്‍ജുന ടീച്ചർ.പഠനം ഓൺലൈൻ രംഗത്തെത്തിയപ്പോൾ സ്വന്തമായി ഒരു പഠനരീതി ആവിഷ്കരിച്ചിരിക്കുകയാണ് അർജുന ടീച്ചർ. പാഠപുസ്തകത്തിലെ ചിത്രങ്ങളും കഥാസന്ദർഭങ്ങളും അക്ഷരങ്ങളും വാക്കുകളും നമ്പറുകളും തുടങ്ങി എല്ലാം തന്നെ തൻറെ വീടിനുള്ളിലെ റൂമിൽ ഒരുക്കി ചെറിയൊരു ക്ലാസ് റൂം തന്നെയാണ് ടീച്ചർ ഒരുക്കിയത്. സ്വന്തം സ്മാർട്ട് ഫോണിൽ ചിത്രീകരിച്ചെടുക്കുന്ന ദൃശ്യങ്ങളുടെ ശബ്ദം, ചിത്രീകരണം തുടങ്ങിയവ മികച്ചതാണെന്ന് ഉറപ്പുവരുത്തി വിദ്യാർഥികൾക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ടെലിവിഷൻ ചാനലുകളിലൂടെ ഉള്ള പഠനത്തെക്കാൾ സ്വന്തം അധ്യാപികയിൽ നിന്നും തന്നെ പഠിക്കാൻ കഴിയുന്നതിൽ കുട്ടികളും സന്തുഷ്ടരാണ്. സ്വന്തമായുള്ള ചിത്രീകരണവും ക്ലാസ് മുറി ഒരുക്കുന്നതും വളരെ ശ്രമകരമായ ജോലി തന്നെയാണെന്നാണ് അർജുന ടീച്ചർക്ക് പറയാനുള്ളത്. വീട്ടിലെ തിരക്കുകൾക്കിടയിലും വേറിട്ട രീതിയിൽ ക്ലാസ്സെടുക്കാൻ ശ്രമിക്കുന്ന അർജുന ടീച്ചര്‍ക്ക് അഭിനന്ദനങ്ങളും പിന്തുണയും നൽകി സഹഅധ്യാപകരും കൂടെയുണ്ട്.