Peruvayal News

Peruvayal News

നല്ല ശീലങ്ങൾ ഭാഗം - 10 ആഹ്ലാദം പങ്കു വെക്കുക

നല്ല ശീലങ്ങൾ 
ഭാഗം - 10
ആഹ്ലാദം പങ്കു വെക്കുക 

സൗഭാഗ്യപ്രദമായ ജീവിതം നയിക്കണമെന്ന് ആഗ്രഹമില്ലാത്ത ഒരു മനുഷ്യ ജീവിയും ഈ ഭൂമുഖത്തു ഉണ്ടാവില്ല . സന്തോഷം അന്വേഷിച്ചു കൊണ്ട് പരക്കം പായുന്ന ജനങ്ങളെ മാത്രമാണ് ഇന്ന് എവിടെ നോക്കിയാലും കാണാൻ കഴിയുക . അത് കണ്ടെത്താൻ പലർക്കും സാധിക്കുന്നില്ല എന്നതാണ് പരമാർത്ഥം . ഇതിനെ കുറിച്ച് ഒരു പുരാണ കഥയുണ്ട് .
ഒരു കാലത്ത് ലോകത്തിലുള്ള മനുഷ്യരെല്ലാം വളരെ ആഹ്ലാദ ഭരിതരായിട്ടാണ് ജീവിതം നയിച്ചു വന്നത് . കാലക്രമേണ അവർ തങ്ങളുടെ ആനന്ദം ദുർവിനിയോഗം ചെയ്തു തുടങ്ങി . ഇത് മനസ്സിലാക്കിയ ബ്രഹ്‌മാവ്‌ മനുഷ്യരിൽ നിന്നും ' ആനന്ദം ' എടുത്തു മാറ്റി .അത് അവർക്ക് കണ്ടു പിടിക്കാനാവാത്ത എവിടെയെങ്കിലും ഒളിച്ചു വെക്കണമെന്ന് തീരുമാനിച്ചു . അദ്ദേഹം ദേവകണങ്ങളെ വിളിച്ചു കൂട്ടി ഒരാലോചന നടത്തി .മനുഷ്യൻ കണ്ടുപിടിക്കാതെ ഇത് ഒളിച്ചു വെക്കേണ്ട സ്ഥാനം എവിടെയാണെന്നുള്ളതാണ് പ്രശ്നം .
പലരും പല അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു ." ഭൂമിക്കടിയിൽ അവന്റെ ആനന്ദം ഒളിച്ചു വെക്കാം  " ഇന്ദ്രൻ പറഞ്ഞു .
" നല്ല കാര്യം , അവൻ ഭൂമി പിളർന്നു അത് കണ്ടുപിടിക്കും  " ബ്രഹ്മാവിന് ആ അഭിപ്രായത്തോട് യോജിക്കാനായില്ല .
" മനുഷ്യന്റെ സന്തോഷം ഭൂമിയിലുള്ള ഏറ്റവും ആഴം കൂടിയ കടലിൽ താഴ്ത്തിയിടാം " മഹേശ്വരൻ അഭിപ്രായപ്പെട്ടു .
" മനുഷ്യനെ നിങ്ങൾ മനസ്സിലാക്കിയിട്ടില്ല , അവൻ കടലുകളെല്ലാം അരിച്ചു പെറുക്കി അത് കണ്ടെടുക്കും " ബ്രഹ്മാവ് അതിനോടും വിയോജിച്ചു . ഇതുപോലെ പല അഭിപ്രായങ്ങളും വന്നെങ്കിലും , അതൊന്നും പ്രയോഗികമാവുകയില്ലെന്ന് മനസ്സിലാക്കിയ സ്രഷ്ടാവ് , തീരുമാനങ്ങൾ ഒന്നുമെടുക്കാതെ സഭ പിരിച്ചു വിടാനൊരുങ്ങി . അപ്പോഴാണ് ബ്രഹ്മാവിന് പുതിയൊരു ആശയം തോന്നിയത് .
" നമുക്കൊരു കാര്യം ചെയ്യാം . മനുഷ്യന്റെ സന്തോഷം അവനിൽ തന്നെ ഒളിച്ചു വെക്കാം .അവൻ അതിന് വേണ്ടി ഭൂലോകം മുഴുവൻ തിരഞ്ഞു നടക്കും . അത് അവനിൽ തന്നെ കുടികൊള്ളുന്നുണ്ടെന്ന സത്യം അവനൊട്ടു മനസ്സിലാക്കുകയുമില്ല ."
ദേവന്മാർ ഒന്നിച്ചു ഈ അഭിപ്രായത്തെ പിന്താങ്ങി . അന്നു മുതൽ ആനന്ദം കണ്ടെത്താൻ  മനുഷ്യൻ കരയിലും കടലിലും ആകാശത്തുമെല്ലാം പരതി നടക്കുകയാണ് . അത് അവനിൽ തന്നെയുണ്ടെന്നുള്ള പരമാർത്ഥം ആ പാവം മനസ്സിലാക്കുന്നുമില്ല .
മനുഷ്യന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതാണ് ഈ പുരാണ കഥ .
എല്ലാവർക്കും ആവശ്യം  ആനന്ദവും സുഖവുമാണ് . പക്ഷെ ,അത് എങ്ങനെ സ്വായത്തമാക്കാം എന്ന കാര്യത്തിൽ മാത്രം ബഹുഭൂരിപക്ഷം പേരും അജ്ഞരാണ് താനും . പലരും പലതിലും സുഖം തേടുന്നു . ചിലർ ധനത്തിൽ , മറ്റു ചിലർ പേരിലും പെരുമയിലും , വേറെ ചിലർ മദ്യത്തിലും മദിരാക്ഷിയിലും . ആഹ്ലാദം ശരിയായ മാർഗ്ഗത്തിലൂടെയാണ് തേടേണ്ടത് .
വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്നു സംസാരിക്കാനും സമയം കണ്ടെത്തണം .കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക . അപ്പോഴെങ്കിലു മൊബൈൽ ഫോണിൽ നിന്നും അകന്നു നിൽക്കാം . ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോൾ ഒഴിവാക്കാൻ പറ്റുന്ന ഓൺലൈൻ പരിപാടികൾ ഒഴിവാക്കുക .
മനസ്സിന്നു സമാധാനവും ശാന്തിയും ലഭിക്കുമ്പോഴുള്ള ഉള്ളു തുറന്ന ആഹ്ലാദം മനുഷ്യ ജീവിതത്തിന്റെ മുൻഗമനത്തിന്ന് വളരെയേറെ ഉപകാരപ്പെടും . വിദ്യാർത്ഥികളായ നിങ്ങൾ മാതാപിതാക്കളുമായും മുതിർന്ന ആൾക്കാരുമായും സ്നേഹിതന്മാരുമായും ആഹ്ലാദം പങ്കിടുക .
നാം ആത്മാവബോധം ഉള്ളവരായിരിക്കുകയും  നമ്മോട് തന്നെ സൗഹാർദ്ദത്തിൽ കഴിഞ്ഞു കൂടുകയും ചെയ്യുക . സൗഭാഗ്യത്തിനുള്ള മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത് .സ്വയം അംഗീകരിക്കുക .ആത്മ വിശ്വാസമുള്ള ഒരാൾക്ക് മാത്രമേ ഏത് കാര്യത്തിലും വിജയം നേടുവാൻ സാധ്യമാവുകയുള്ളൂ .
എല്ലാവർക്കും നല്ലത് ഭവിക്കട്ടെ .

             എ .ആർ.കൊടിയത്തൂർ
                     

Don't Miss
© all rights reserved and made with by pkv24live